Kerala

ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫിന് ഒരുവർഷം തടവ്

Spread the love

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫ് ഉൾപ്പെടെ നാല് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ. കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന നടത്തുന്നതിടയിൽ അന്നത്തെ കാസർഗോഡ് ഡെപ്യൂടി തഹസിൽദാർ എ.ദാമോദരനെ കയ്യേറ്റം ചെയ്തെന്നായിരുന്നു പരാതി. മഞ്ചേശ്വരത്ത് താമസക്കാരനും മൈസൂരൂ സ്വദേശിയുമായ മുനവർ ഇസ്മായിലിന്റെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു എ.കെ.എം അഷ്‌റഫ്‌. അബ്ദുല്ല കജ, ബഷീർ കനില, അബ്ദുൾ ഖാദർ എന്നിവരാണ് മറ്റ് പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് പ്രകാരമാണ് കോടതി വിധി. ഒരു വർഷം തടവിന് പുറമെ പ്രതികൾ പതിനായിരം രൂപ പിഴയുമടക്കണം. കേസിൽ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എ.കെ. എം അഷ്‌റഫ്‌ എം.എൽ.എ വ്യക്തമാക്കി.