പമ്പ ബലിത്തറയിലെ പുരോഹിത നിയമനത്തിൽ ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി
പമ്പ ബലിത്തറയിലെ പുരോഹിത നിയമനത്തിൽ ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി. ലേല നടപടികളിലും നിയമനത്തിലും ഒത്തുകളി നടന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടി. പട്ടികയിലുള്ളവർ പ്രത്യേക ദൂതൻ വഴി നോട്ടീസ് അയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല മണ്ഡലംമകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിൽ പിതൃതർപ്പണം നടത്താൻ പുരോഹിതന്മാരെ നിയമിച്ചുകൊണ്ടുള്ള പട്ടികയാണ് ഹൈക്കോടയി സ്‌റ്റേ ചെയ്തത്. ഈ പട്ടികയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ് തടഞ്ഞത്. പട്ടികയിലുളളവരും പങ്കെടുത്തവരും ഒരേ തുക തന്നെയാണ് ക്വാട്ട് ചയ്തിട്ടുള്ളതെന്നും ഹൈക്കോടതി വിലയിരുത്തി. ലേലത്തിൽ പങ്കെടുത്തവർ തമ്മിൽ ഒത്തുകളി നടന്നതായി പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നുവെന്നും നിരീക്ഷിച്ചു. ലേല തുക മന:പൂർവം കുറയ്ക്കാൻ നീക്കം നടന്നു. കേസിനിടയിൽ ദേവസ്വം ബോർഡ മുൻ നിലപാട് തിരുത്തി. ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ബോർഡിന്റെ ആദ്യനിലപാട്. എന്നാൽ ലേലത്തിൽ ഒരു കൂട്ടം ആളുകൾ ഒന്നിച്ചുചേർന്ന് കാർട്ടലായി പ്രവർത്തിച്ചുവെന്ന് സംശയിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പട്ടികയിലുള്ള 19 പേരും ഒരേ തുകയാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടികയിലുള്ളവർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കും.ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകിയ എസ്.എച്ച്.ഒമാർ വഴിയും ഇവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.