Kerala

‘സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും, വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും’; ചെന്നിത്തല

Spread the love

കൊച്ചി: നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും. ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സ്ഫോടന സംഭവത്തിൽ പരിക്കേറ്റവരെ കളമശ്ശേരി മെ‍ഡിക്കൽ കോളേജിലെത്തി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് സന്ദർശിച്ചു. ദുരന്തത്തിൽ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇവരിൽ 18 പേർ വിവിധ ആശുപത്രികളിലായി ഐസിയുവിൽ കഴിയുകയാണ്. ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഈ 6 പേരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്.

37 ഓളം പേർ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. 10 പേർ വാർഡിലും 10 പേർ ഐസിയുവിലുമാണുള്ളത്. ​ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സാധി‌ക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നൽകുമെന്നും ആരോ​​ഗ്യമന്ത്രി ഉറപ്പ് നൽകി.

മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലായിരിക്കാം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും പരിക്കേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ​കൂടാതെ ആരോ​ഗ്യവകുപ്പിന്റെ ഹെൽപ് ലൈൻ സംവിധാനവും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അപകടം മുന്നിൽ കണ്ട കുഞ്ഞുങ്ങൾക്ക് കൗൺസിലിം​ഗ് ഉൾപ്പെടെ മാനസിക പിന്തുണ നൽകുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.