World

ഇരുകൈകളുമില്ല; കാലുകൊണ്ട് വില്ലുകുലച്ച് ശീതളിന്റെ മാജിക്; ഫോകോമെലിയയെ മറികടന്ന് ചരിത്രംകുറിച്ച പതിനാറുകാരി

Spread the love

പാരാ ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യയുടെ ശീതള്‍ ദേവി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് ശീതള്‍ ദേവിയുടെ ചരിത്രനേട്ടം. പാരാ ഏഷ്യന്‍ ഗെയിംസില്‍ ഒരു പതിപ്പില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറി ഇതോടെ ശീതള്‍. ഇതോടെ ഗെയിംസില്‍ രാജ്യത്തിന്റെ റെക്കോര്‍ഡ് 99 ആയി ഉയര്‍ന്നു.

ജമ്മുകശ്മീര്‍ സ്വദേശിയായ പതിനാറുകാരി ശീതള്‍ ദേവിയുടെ ഹാട്രിക് മെഡലായിരുന്നു ഇത്. വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തിലാണ് ശീതള്‍ ദേവി വെള്ളി നേടിയത്. പാരാ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യത്തെ കയ്യില്ലാത്ത വനിതയായി ഇതോടെ ശീതള്‍. സിംഗപ്പൂരിന്റെ അലിം നൂര്‍ സയാഹിദയെ 144-142ന് പരാജയപ്പെടുത്തിയാണ് ശീതളിന്റെ നേട്ടം.

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ലോയിധര്‍ ഗ്രാമത്തിലാണ് ശീതള്‍ ദേവിയുടെ ജനനം. ഫോകോമെലിയ സിന്‍ഡ്രോം എന്ന അപൂര്‍വ്വ ജനിതക വൈകല്യവുമായി ജനിച്ച ശീതള്‍ രണ്ട് കൈകളുമില്ലാതെ കാലുകൊണ്ട് വില്ലുപിടിച്ചാണ് അമ്പെയ്ത്തില്‍ വിസ്മയം തീര്‍ക്കുന്നത്. ഫോകോമെലിയയുടെ വെല്ലുവിളികള്‍ മറികടക്കാതെ വിജയത്തിലേക്ക് എത്തുപ്പെടുക ശീതളിന് സാധ്യമല്ലായിരുന്നു. വെല്ലുവിളികളാല്‍ അടയാളപ്പെടുത്തിയ ആ ജീവിതം, ഒരു പോരാട്ടം തന്നെയായിരുന്നു. അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കഠിനപരിശ്രമവും കൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് അമ്പെയ്ത്തില്‍ പ്രാവീണ്യം നേടുകയായിരുന്നു ശീതള്‍ ദേവി. ശാരീരിക പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും പിന്തുണ കൊണ്ടായിരുന്നു ശീതളിന്റെ പരിശീലനം.

ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ മെഡലുകള്‍ നേടിയാണ് ശീതള്‍ ദേവി തന്റെ അമ്പെയ്ത്ത് മികവ് പുറംലോകത്തെ അറിയിച്ചത്. വനിതകളുടെ ഡബിള്‍സ് കോമ്പൗണ്ടില്‍ വെള്ളി ഉറപ്പിച്ച ശേഷം, മിക്സഡ് ഡബിള്‍സിലും വനിതാ വ്യക്തിഗത ഇനങ്ങളിലും രണ്ട് സ്വര്‍ണം വീതം ശീതള്‍ നേടി.
വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ സിംഗപ്പൂരിന്റെ അലിം നൂര്‍ സയാഹിദയെ പരാജയപ്പെടുത്തിയും വിജയക്കുതിപ്പ് തുടര്‍ന്നു ശീതള്‍. ഹാങ്‌സൗവില്‍ വനിതാ ടീം ഇനത്തില്‍ സരിതയുമായും മിക്‌സഡ് ടീം ഇനത്തില്‍ രാകേഷ് കുമാറുമായും ആയിരുന്നു ശീതളിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.

2021ല്‍ ആദ്യമായി, കിഷ്ത്വാറില്‍ ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് ശീതളിന്റെ കായികരംഗത്തെ കഴിവ് പുറത്തെടുക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് അന്താരാഷ്ട്ര മെഡല്‍ ജേതാവിലേക്കുള്ള യാത്രയുടെ ആദ്യ കാല്‍വയ്പ്പായിരുന്നു അത്. കൃത്രിമമായി ശീതളില്‍ കൈകള്‍ വച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതോടെ താത്ക്കാലികമായെങ്കിലും ആ പെണ്‍കുട്ടിയുടെ കായിക അഭിലാഷങ്ങള്‍ക്ക് വിരാമമിടുന്നതായിരുന്നു ആ വെല്ലുവിളി. പിന്നാലെ സ്‌പോര്‍ട്‌സ് ഫിസിയോതെറാപിസ്റ്റായ ശ്രീകാന്ത് അയ്യങ്കറിന്റെ കടന്നുവരവാണ് ശീതള്‍ ദേവിയുടെ ജീവിതം മാറ്റിമറിച്ചത്. ശ്രീകാന്തിന്റെ തെറാപ്പിയും മേജര്‍ അക്ഷയ് ഗിരീഷ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ പിന്തുണയും ചേര്‍ന്നപ്പോള്‍ അമ്പെയ്ത്തില്‍ തന്റേതായ വഴി കണ്ടെത്തുകയായിരുന്നു ശീതള്‍. കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഷ്റൈന്‍ ബോര്‍ഡ് സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു ശീതളിന്റെ പരിശീലനം. 2012ല്‍ ലണ്ടന്‍ പാരാലിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ മാറ്റ് സ്റ്റുറ്റ്സ്മാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഭിലാഷ ചൗധരിയും കുല്‍ദീപ് വേദ്വാനും ശീതളിനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. നൂതന സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിച്ചായിരുന്നു പരിശീലനം. കഠിനമായ പരിശീലനഘട്ടത്തില്‍ ദിവസേന 50 മുതല്‍ 100 അമ്പുകള്‍ വരെ എയ്ത് ആ കണക്ക് പതിയെ പ്രതിദിനം 300 എന്ന നിലയിലേക്കെത്തിച്ചു ശീതള്‍. സോനാപത്തില്‍ നടന്ന പാരാ ഓപ്പണ്‍ നാഷണല്‍സില്‍ അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ നേടിയതോടെ കഠിനാധ്വാനം ഫലം കണ്ടുതുടങ്ങി.

ചെറുകിട കൃഷി ചെയ്തും ആടുകളെ പരിപാലിച്ചും ജീവിതമാര്‍ഗം കണ്ടെത്തിയ ശീതളിന്റെ മാതാപിതാക്കള്‍ ആ നിശ്ചയദാര്‍ഢ്യത്തില്‍ എന്നും നെടുംതൂണുകളായിരുന്നു. പറയത്തക്ക സമ്പാദ്യമൊന്നും സ്വന്തമായി ഇല്ലാതിരുന്ന ശീതളിന്റെ കുടുംബം മകളുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഉറച്ചുനിന്നു. ഈ വര്‍ഷം ചെക്ക് റിപ്പബ്ലിക്കിലെ പില്‍സണില്‍ നടന്ന ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ശീതള്‍ ദേവി ചരിത്രം സൃഷ്ടിച്ചിരുന്നു. ഫൈനലില്‍ തുര്‍ക്കിയിലെ ഒസ്നൂര്‍ ക്യൂറിനോട് കഷ്ടിച്ച് പരാജയപ്പെട്ടെങ്കിലും, വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചു.