കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, രണ്ട് രൂപയ്ക്ക് ചാണകം; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ബയോഗ്യാസ് ഉത്പാദനത്തിനായി രണ്ട് രൂപയ്ക്ക് ചാണകവും വയോജന പെന്‍ഷന്‍ നിയമവും അടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും മൂന്ന് വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനവും നല്‍കുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കോണ്‍ഗ്രസ് കൃത്യമായി നിറവേറ്റിയെന്ന് ഗെഹ്ലോട്ട് പറഞ്ഞു. നിങ്ങള്‍ എന്ത് വാഗ്ദാനങ്ങളാണോ നല്‍കുന്നത് അത് നിറവേറ്റൂ എന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞത്. കഴിഞ്ഞ തവണ ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു, അത് യഥാസമയം നിറവേറ്റുകയും ചെയ്തു കോണ്‍ഗ്രസ്. ഗെഹ്ലോട്ട് പറഞ്ഞു.
1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചക വാതക സിലിണ്ടറുകള്‍ നല്‍കും, ഗൃഹനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, സര്‍ക്കാര്‍ കോളജിലെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, ടാബ്ലെറ്റ് എന്നിവ നല്‍കും, മഹാത്മാഗാന്ധി ഇംഗ്ലീഷ് സ്‌കൂളുകളിലൂടെ എല്ലാവര്‍ക്കും സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം, പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിടുന്ന കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ എന്നിവയാണ് കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍. ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ കന്നുകാലി ചാണകം വാങ്ങുന്നത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും രണ്ട് രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ചാണകം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 25 ന് ഒറ്റ ഘട്ടമായി നടക്കും. ഡിസംബര്‍ 3 ന് വോട്ടെണ്ണും.