World

ഹിജാബ് ധരിച്ചില്ല: ഇറാനിൽ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം

Spread the love

ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു പെൺകുട്ടി. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മർദനത്തിനിരയായത്.

രാജ്യത്തെ ഹിജാബ് നിയമങ്ങൾ ലംഘിച്ചതിനാണ് പൊലീസിന്റെ മർദ്ദനമേറ്റത്. 28 ദിവസം ആശുപത്രിയില്‍ കോമയിലായിരുന്ന അർമിതയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും മരണവാർത്ത റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് കുര്‍ദിഷ് വംശജയായ അര്‍മിത രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യവേയാണ് പൊലീസിന്‍റെ ആക്രമണത്തിന് ഇരയായത്. ഹിബാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് അർമിതയെ മര്‍ദിച്ചുവെന്നാണ് പൗരാവകാശ സംഘടനയായ ഹെന്‍ഗാവിന്‍റെ ആരോപണം.

പൊലീസ് അർമിതയെ മർദിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ പൊലീസ് ഇതു നിഷേധിച്ചു. യാത്ര ചെയ്യുന്നതിനിടെ രക്തസമ്മർദത്തിലുണ്ടായ വ്യതിയാനത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം. മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി. രക്തസമ്മര്‍ദം പെട്ടെന്ന് അപകടകരമാം വിധം താഴുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ അർമിതയുടെ മരണം സ്ഥിരീകരിച്ചു.