World

​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍

Spread the love

ടെൽഅവീവ്: 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകൾ ഇസ്രയേലിൽ തിരിച്ചെത്തി.

രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗാസ തകർന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന്
പിടിവാശി തുടരുന്ന ഇസ്രയേൽ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തിൽ മൂന്നു ഹമാസ് കമ്മാണ്ടർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ടെൽ അവീവിൽ എത്തി. യുദ്ധ സാഹചര്യം ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. ലെബനോനിൽ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേൽ ഇന്നലെയും വ്യോമാക്രമണം നടത്തി. ഇറാഖിലും സിറിയയിലും
അമേരിക്കയുടെ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ അനുകൂല സംഘങ്ങൾ ആക്രമണം നടത്തിയതായി വൈറ്റ് ഹൌസ് അറിയിച്ചു