യുദ്ധങ്ങളിലെ സമ്പൂര്‍ണ ഉപരോധം; നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍
റഫാ ഇടനാഴി വഴി ഗാസയിലേക്ക് മനുഷ്യത്വത്തിന്റെ കണികകള്‍ ചെറുതായെങ്കിലും നീളുമ്പോഴും ആശ്വസിക്കാവുന്ന ഒന്നും തന്നെ ഗാസയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. റഫ ഇടനാഴിയിലൂടെ അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ എത്തുമ്പോള്‍, അവ കൈനീട്ടി വാങ്ങാന്‍ കാത്തിരിക്കുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ലക്ഷണക്കണക്കിന് മനുഷ്യരാണ്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം ഗാസ ജനതയ്ക്ക് അന്യമാക്കിയത് അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും ഭക്ഷണവും പാര്‍പ്പിടവുമൊക്കെയാണ്.
*ഉപരോധങ്ങള്‍ ഇല്ലാതാക്കുന്ന മനുഷ്യാവകാശങ്ങള്‍*
ലോകത്ത് എല്ലായിടത്തുമുള്ള സൈനിക നടപടികളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഉപരോധം. ആക്രമണകാരി അവരുടെ ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ഉപരോധത്തിലൂടെ ചെയ്യുന്നത്. വൈദ്യുതിയും വെള്ളവും ഭക്ഷണവും അടക്കം എല്ലാ അവശ്യവസ്തുക്കളും ശത്രുവിന് നിഷേധിക്കുന്നതോടെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഇല്ലാതാകുകയും കീഴടങ്ങാനുള്ള സാധ്യത കൈവരികയും ചെയ്യുന്നു. വളരെ പണ്ട് കാലത്ത് ശത്രുക്കളായി കരുതുന്നവരെ, രാജ്യങ്ങള്‍ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയില്ലെങ്കില്‍,,അവരെ തടവുകാരോ ബന്ദികളോ അടിമകളോ ആക്കുകയായിരുന്നു പതിവ്. ഇന്നിങ്ങനെ ദീര്‍ഘകാലം ബന്ദികളോ തടവുകാരോ ആക്കിവയ്ക്കില്ല. പകരം രാജ്യങ്ങള്‍ ര്‍പ്പെടുത്തുന്ന ഉപരോധത്തിലൂടെ, ജീവന്‍ കിട്ടിയാലും അത് നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ജനത കാലങ്ങളോളം അനുഭവിക്കണം. അതായത് ജീവനോടെ രക്ഷപെട്ടാലും കഷ്ടപ്പെടേണ്ട അവസ്ഥ. മരിച്ചതിന് തുല്യമായി നിഷേധിക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍.
മനുഷ്യന്റെ വിശപ്പും ദാഹവും അനുഭവിക്കുന്ന, മരുന്നില്ലാതെ, ചികിത്സ നിഷേധിക്കപ്പെടുന്ന ഉപരോധം അങ്ങേയറ്റം ക്രൂരമാണ്. വെള്ളമില്ലാത്തതിനാല്‍ അടിസ്ഥാന ശുചിത്വം പോലും പാലിക്കാന്‍ മനുഷ്യന് സാധിക്കില്ല. കോളറ, പകര്‍ച്ചവ്യാധികള്‍ ഇവയെല്ലാം പിന്നാലെ പിടികൂടും മനുഷ്യനെ. അങ്ങനെ യുദ്ധത്തിന് സമാനമായി മനുഷ്യനെ ഒന്നൊന്നായി ഇല്ലാതാക്കും ഈ ഉപരോധം.
ഗാസ മുനമ്പ് കഴിഞ്ഞ 16 വര്‍ഷമായി ഉപരോധം നേരിടുന്നുണ്ട്. പക്ഷേ സമ്പൂര്‍ണ ഉപരോധത്തിലാണ് ഇപ്പോഴത്തെ ഗാസയുള്ളത്. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഈ സമ്പൂര്‍ണ ഉപരോധം മൂലം ഇസ്രയേല്‍ ഗാസയിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിഛേദിച്ചു. ഭക്ഷണവും വെള്ളവും മുടങ്ങി. ക്രോസിങ് പോയിന്റുകള്‍ അടച്ചതോടെ പുറമേ നിന്നുള്ള സഹായങ്ങള്‍ ഗാസയിലേക്ക് എത്തുന്നത് നിലച്ചു. ഇതുമൂലം രണ്ട് ദശലക്ഷത്തിലധികം ഗാസ ജനത അതിജീവനത്തിനായി ഇപ്പോള്‍ പോരാടുകയാണ്.
1948-49 ലെ ബെര്‍ലിന്‍ ഉപരോധമായിരുന്നു ആധുനികകാലത്തെ ഉപരോധങ്ങളില്‍ ഏറ്റവും ആദ്യത്തേത്. 1990 കളില്‍ ബോസ്‌നിയയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഉപരോധമായിരുന്നു ആധുനിക ഉപരോധങ്ങളില്‍ റ്റവും ദുരന്തം.