സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈലാക്രമണമുണ്ടായതായി സന സ്റ്റേറ്റ് ന്യൂസ് ഏജന്‍സി. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസ്, അലേപ്പോ വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിമാനങ്ങള്‍ ലതാകിയയിലേക്ക് തിരിച്ചുവിട്ടു.
തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രണ്ടാഴ്ച പിന്നിടുന്നതിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണം സിറിയന്‍ വിമാനസര്‍വ്വീസുകളെ ബാധിക്കുന്നത്. പുലര്‍ച്ചെ 5:25 ന് ഡമാസ്‌കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ലതാകിയയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ ഭാഗത്തുനിന്നും അധിനിവേശ സിറിയന്‍ ഗോലന്റെ ഭാഗത്ത് നിന്നുമാണ് ഒരേസമയം മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അലപ്പോ വിമാനത്താവളത്തിന് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.