Kerala

ഇടിമിന്നലോടു കൂടി മഴ, 40 കി.മി വേഗതയിൽ കാറ്റ്, യെല്ലോ അലർട്ട്; 5 ദിവസത്തേക്കുള്ള മഴ സാധ്യത, പുതിയ അറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. 23-10-2023ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24-10-2023 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. പക്ഷെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.