Kerala

രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രമായി കേരളം മാറിയെന്ന് വിദേശ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കേരളീയം ആഘോഷവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന 162 വിദ്യാർത്ഥികളുടെ സംഗമം തിരുവനന്തപുരത്ത് നടന്നു.

കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു കേരളത്തിൽ വിവിധ ഇടങ്ങളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ സംഗമ വേദി. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കൊപ്പം ഗ്രൂപ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അക്ഷമരായി കാത്തുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തുമ്പോഴേക്കും പൊടുന്നനെ മഴ പെയ്തു.

വരാന്തയിൽ വിദ്യാർത്ഥികളുമായി കുശലം പറ‍ഞ്ഞ് മുഖ്യമന്ത്രി വേദിയിലേക്ക് പോയി. രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ വിദ്യാർഥികൾക്കുള്ള സ്നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാർഥികളാണ് സംഗമത്തിനെത്തിയത്.