‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസിന്റെ പേരുമാറ്റി; വിമർശിച്ച് കോൺഗ്രസ്
രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ റെയിൽ സർവ്വീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്.
രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ്. പദ്ധതിയായ ഡൽഹി മീററ്റ് പാതയിൽ ബാക്കിയുള്ളസ്ഥലങ്ങളിലും റെയിൽപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ എട്ട് ആർആർടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡൽഹി മീററ്റ് പാത 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിർമാണംപൂർത്തിയായ ആദ്യഘട്ടത്തിൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.
എന്നാൽ ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ട്രെയിനിന്റെ പേരുമാറ്റിയതിൽ വിമർശനവുമായി രംഗത്തെത്തി. “നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോൾ വീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല” ജയറാം രമേശ് കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചു.