Sports

വിമൻസ് പ്രീമിയർ ലീഗ്: വമ്പൻ താരങ്ങളെ ഒഴിവാക്കി ആർസിബിയും ഗുജറാത്തും; മലയാളി താരങ്ങൾ തുടരും

Spread the love

വിമൻസ് പ്രീമിയർ ലീഗിൻ്റെ 2024 സീസണു മുന്നോടിയായി വമ്പൻ താരങ്ങളെ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ജയൻ്റ്സും. വിദേശ സൂപ്പർ താരങ്ങളടക്കം പലരെയും ഇരു ഫ്രാഞ്ചൈസികളും ഒഴിവാക്കി. അതേസമയം, ബാംഗ്ലൂരിലും ഡൽഹിയിലുമുള്ള മലയാളി താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിർത്തി.

ഓസീസ് ഓൾറൗണ്ടർമാരായ അന്നബെൽ സതർലൻഡ്, കിം ഗാർത്ത്, ബൗളർ ജോർജിയ വെയർഹം, ഇംഗ്ലീഷ് ബാറ്റർ സോഫിയ ഡങ്ക്ലി എന്നീ വിദേശ താരങ്ങളെയാണ് ഗുജറാത്ത് റിലീസ് ചെയ്തത്. ഇവർക്കൊപ്പം സബ്ബിനേനി മേഘന, സുഷമ വർമ, മാൻസി ജോഷി, അശ്വനി കുമാരി മോണിക പട്ടേൽ, പരുനിക സിസോദിയ, ഹർലി ഗല എന്നീ ഇന്ത്യൻ താരങ്ങളെയും ഗുജറാത്ത് പുറത്താക്കി. ഇതിൽ പലരും കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയവരാണ്.

ആഷ്ലി ഗാർഡ്നർ, ബെത്ത് മൂണി, ലോറ വോൾവാർട്ട്, ഡയലൻ ഹേമതല, ഹർലീൻ ഡിയോൾ, സ്നേഹ് റാണ, തനുജ കൻവാർ, ഷബ്നം ഷക്കീൽ എന്നിവരെ ടീം നിലനിർത്തി.

ആർസിബി ആവട്ടെ, ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെയിൻ വാൻ നികെർക്ക്, ഓസീസ് ഓൾറൗണ്ടർ എറിൻ ബേൺസ്, ബൗളർ മേഗൻ ഷൂട്ട് എന്നിവരെയൊക്കെ റിലീസ് ചെയ്തു. ഇവർക്കൊപ്പം കോമൾ സൻസാദ്, പൂനം ഖേമ്നാർ, പ്രീതി ബോസ്, സഹാന പവാർ എന്നിവരെയും ബാംഗ്ലൂർ റിലീസ് ചെയ്തു.

എലിസ് പെറി, ഹെതർ നൈറ്റ്, സോഫി ഡിവൈൻ, സ്മൃതി മന്ദന, മലയാളി താരം ആശ ശോഭന, ഇന്ദ്രാനി റോയ്, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടിൽ, രേണുക സിംഗ്, ദിശ കസത്, കനിക അഹുജ എന്നിവരാണ് ബാംഗ്ലൂർ നിലനിർത്തിയ താരങ്ങൾ.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ ബൗളർ ഷബ്നിം ഇസ്മയിലിനെ യുപി വാരിയേഴ്സ് റിലീസ് ചെയ്തത് അതിശയമായി. ദേവിക വൈദ്യ, സിമ്രാൻ ഷെയ്ഖ്, ശിവാലി ശിൻഡെ എന്നീ മികച്ച ഇന്ത്യൻ താരങ്ങളെയും യുപി ഒഴിവാക്കി. അലിസ ഹീലി, ഗ്രേസ് ഹാരിസ്, ലൗറൻ ബെൽ, സോഫി എക്ലസ്റ്റൺ, തഹിലിയ മഗ്രാത്ത്, അഞ്ജലി സർവനി, ദീപ്തി ശർമ, കിരൺ നവ്ഗിരെ, ലക്ഷ്മി യാദവ്, പർശവി ചോപ്ര, രാജേശ്വരി ഗെയ്ക്വാദ്, ശ്വേത സെഹ്‌രാവത് എന്നിവർ ടീമിൽ തുടരും.

കഴിഞ്ഞ സീസണിൽ റെക്കോർഡ് പ്രകടനം നടത്തിയ യുഎസ് പേസർ താര നോറിസിനെ ഡൽഹി റിലീസ് ചെയ്തതും അതിശയമാണ്. താരയ്ക്കൊപ്പം ജാസിയ അക്തർ, അപർണ മോണ്ഡാൽ എന്നിവരെയാണ് ഡൽഹി ഒഴിവാക്കിയത്. ആലിസ് കാപ്സി, ജെസ് ജൊനാസൻ, ലോറ ഹാരിസ്, മരിസേൻ കാപ്പ്, മെഗ് ലാനിങ്, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, മലയാളി താരം മിന്നു മണി, പൂനം യാദബ്, രാധ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, തനിയ ഭാട്ടിയ, ടിറ്റസ് സാധു എന്നിവരെ ടീം നിലനിർത്തി.

ഓസീസ് പേസർ ഹെതർ ഗ്രഹാം, നീലം ബിഷ്ട്, സോനം യാദവ്, ധര ഗുജ്ജാർ എന്നിവരെയാണ് മുംബൈ റിലീസ് ചെയ്തത്. അമേലിയ കെർ, ഇസ്സി വോങ്, ക്ലോയി ട്രയോൺ, ഹേലി മാത്യൂസ്, നാറ്റ് സിവർ, ഹർമൻപ്രീത് കൗർ, അമഞ്ജോത് കൗർ, ഹുമൈറാ കാസി, സായ്ക ഇഷാഖ്, യസ്തിക ഭാട്ടിയ, ജിൻ്റിമണി കാലിറ്റ, പൂജ വസ്ട്രാക്കർ, പ്രിയങ്ക ബാല എന്നിവരെ ടീമിൽ നിലനിർത്തി.