Sports

ബംഗ്ലാദേശിനെ പിടിച്ചുനിർത്തി ബൗളർമാർ; ഇന്ത്യക്ക് 257 റൺസ് വിജയലക്ഷ്യം

Spread the love

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 256 റൺസ് ആണ് നേടിയത്. 66 റൺസ് നേടിയ ലിറ്റൻ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും 2 ജസ്പ്രീത് ബുംറയും വിക്കറ്റ് വീതം വീഴ്ത്തി.

തകർപ്പൻ തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. തൻസിദ് ഹസനും ലിറ്റൻ ദാസും ചേർന്ന് ബംഗ്ലാദേശിനെ അനായാസം മുന്നോട്ടുനയിച്ചു. ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് പിന്നീട് സ്കോറിംഗ് നിരക്ക് ഉയർത്തുകയായിരുന്നു. ബൗളിംഗ് ചേഞ്ചുമായെത്തിയ ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് പന്ത് മാത്രം എറിഞ്ഞ ഹാർദികിൻ്റെ ആ ഓവർ വിരാട് കോലിയാണ് പൂർത്തിയാക്കിയത്. തുടർന്ന് ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരൊക്കെ ബംഗ്ലാദേശ് ശിക്ഷിച്ചു. ബുംറ ഒഴികെ മറ്റ് ബൗളർമാർക്കെല്ലാം തല്ല് കിട്ടി.

43 പന്തുകളിൽ 51 റൺസ് നേടിയ തൻസിദിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. തുടർന്ന് ബംഗ്ലാദേശിന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. നസ്മുൽ ഹുസൈൻ ഷാൻ്റോ (8) ജഡേജയ്ക്ക് മുന്നിൽ വീണപ്പോൾ മെഹദി ഹസൻ മിറാസിനെ (3) സിറാജ് മടക്കി അയച്ചു. ലിറ്റൻ ദാസിനെ (66) പുറത്താക്കിയ ജഡേജ ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കി.

അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീമും തൗഹിദ് ഹൃദോയും ചേർന്ന് ബംഗ്ലാദേശിനെ രക്ഷപ്പെടുത്തിയെടുത്തു. 42 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഹൃദോയിയെ (16) താക്കൂറും മുഷ്ഫിക്കറിനെ (38) ബുംറയും മടക്കിയതോടെ ഇന്ത്യ വീണ്ടും കളിയിൽ പിടിമുറുക്കി. നസും അഹ്മദിനെ (14) മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ ബംഗ്ലാദേശ് പതറി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച മഹ്മൂദുള്ള ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. 36 പന്തിൽ 46 റൺസ് നേടിയ മഹ്മൂദുള്ളയെ ബുംറ അവസാന ഓവറിൽ പുറത്താക്കി.