National

മധ്യപ്രദേശ് കീഴടക്കാൻ ഹനുമാൻ; ചൗഹാനെ നേരിടാൻ ‘രാമായണ’ നടനെ കളത്തിലിറക്കി കോൺഗ്രസ്

Spread the love

നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാൻ ‘രാമായണ’ നടനെ കളത്തിലിറക്കി കോൺഗ്രസ്. ബുധ്നി മണ്ഡലത്തിൽ ജനപ്രിയ നടൻ വിക്രം മസ്തലാണ് കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. 2008-ലെ ടെലിവിഷൻ ഷോ ആയ രാമായണത്തിൽ ഹനുമാൻ കഥാപാത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച നടനാണ് വിക്രം മസ്തൽ.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്ങിന്റെ മകൻ ജയവർധൻ സിങ്ങിനെ രാഘിഗഠ് സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ കമൽനാഥ് സർക്കാരിൽ മന്ത്രിയായിരുന്നു ജയവർധൻ.

ബുധ്‌നി മണ്ഡലത്തിൽ ചൗഹാനെതിരെ വിക്രം മസ്തൽ മത്സരിക്കും. മുൻ രാജ്യസഭാംഗമായ വിജയ് ലക്ഷ്മി സാധോ മഹേശ്വര്-എസ്‌സി അസംബ്ലി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. മുൻ ക്യാബിനറ്റ് മന്ത്രി ജിതു പട്‌വാരി റാവു അസംബ്ലി മണ്ഡലത്തിലും ജനവിധി തേടും. ജനറൽ വിഭാഗത്തിൽ നിന്ന് 47 പേരും ഒബിസിയിൽ നിന്ന് 39 പേരും എസ്ടി വിഭാഗത്തിൽ നിന്ന് 30 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 22 പേരും ഒരു മുസ്ലീം 19 സ്ത്രീകളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുന്നു. ഇവരിൽ അറുപത്തിയഞ്ച് പേർ 50 വയസ്സിന് താഴെയുള്ളവരാണ്.

230 ൽ 136 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ നവംബർ 17 നാണ് തെരഞ്ഞെടുപ്പ്. ഇലക്ഷൻ ഒറ്റ ഘട്ടമായി നടക്കും. ഡിസംബർ മൂന്നിനാണ് ഫലം പ്രഖ്യാപനം.