അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു; ട്രെയിനിൽ നിന്ന് മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി
ദില്ലി: മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷ ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9.30ഓടെയാണ് മുംബൈയിലേക്ക് തിരിച്ചത്. ഉച്ചക്ക് ഷീജ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ട് മക്കളുള്ള ഷീജ അവരെ വിളിച്ച് യാത്രയുടെ വിവരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ഫോണിൽ ലഭ്യമായിരുന്നില്ല. ഫോണിൽ അയച്ച മെസേജുകൾ വൈകുന്നേരത്തോടെ കണ്ടെങ്കിലും അതിനും മറുപടിയുണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചപ്പോഴും കിട്ടിയില്ല. രാത്രിയോടെ ഫോണ്‍ സ്വിച്ചോഫ് ആവുകയും ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസ് വേണ്ടവിധം തയ്യാറായില്ലെന്ന് കുടുംബം പരാതി പറയുന്നു.
പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകണമെന്ന് പറഞ്ഞതായി സഹോദരി പറയുന്നു. റെയിൽ വേ പൊലീസിൽ എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ ആണെന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയായിരുന്നു. പൊലീസിൽ നിന്ന് കൃത്യമായ രീതിയിൽ ഇടപെടലുകൾ ഉണ്ടായില്ലെന്നും പരാതി കൊടുക്കാൻ പോയവരെ ഉച്ചവരെ സ്റ്റേഷനിലിരുത്തിയെന്നും സഹോദരി പറയുന്നു.