World

ഇസ്രായേൽ ഉപയോ​ഗിക്കുന്നത് യുഎൻ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബ്; വീഡിയോ സഹിതം ആരോപണമുന്നയിച്ച് പലസ്തീൻ

Spread the love

ടെൽ അവീവ്: ഇസ്രയേൽ ​ഗാസയിൽ യുഎൻ നിരോധിച്ച ഫോസ്ഫറസ് ബോംബുകൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് പലസ്തീന്റെ ആരോപണം. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ ഉപയോ​ഗിക്കുന്നതെന്ന് ചിത്രങ്ങൾ സഹിതം ആരോപിച്ചു. സോഷ്യൽമീഡിയയായ എക്സിലൂടെയാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് കരാമ, ഗാസ എന്നിവിടങ്ങളിൽ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ പലസ്തീനികൾക്കെതിരെ പ്രയോഗിക്കുകയാണെന്നും പലസ്തീൻ ആരോപിച്ചു.

ബോംബ് വർഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. മാരകമായ ബോംബാണ് വൈറ്റ് ഫോസ്ഫറസ് ബോംബ്. അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയിൽ താപം പുറത്തുവിടുകയും ചെയ്യും. ഫോസ്ഫറസ് ബോംബ് സ്ഫോടന സമയത്ത് 815 ഡിഗ്രി സെൽഷ്യസ് ചൂടാണ് രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നത്. വെളുത്ത പുകയും ഉണ്ടാകുമുയരും. ഫോസ്ഫറസ് ബോംബ് പ്രയോ​ഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽപ്പെടും. യുക്രൈനിൽ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോ​ഗിച്ചതായി ആരോപണമുയർന്നിരുന്നു.

വെളുത്ത ഫോസ്ഫറസിന്റെയും റബ്ബറിന്റെയും മെഴുക് പോലെയുള്ള മിശ്രിതമാണ് വൈറ്റ് ഫോസ്ഫറസ്. ഇത് 800 ഡിഗ്രി സെൽഷ്യസ് താപനിലയിൽ കത്തുകയും 1,300 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുകയും ചെയ്യു. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത കട്ടിയുള്ള പുക ഉയരും. ഈ സമയം സ്വയമേവ ജ്വലിക്കും. മെഴുക് പോലെയുള്ള പദാർഥമായതിനാൽ നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. വൈറ്റ് ഫോസ്ഫറസ് ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോഴും ശ്വസിക്കുമ്പോഴോ വിഴുങ്ങുമ്പോഴും ഗുരുതരമായ പരിക്കിനും മരണത്തിനും കാരണമാകും.