World

ഹമാസിനെ തീർക്കാൻ ഗാസയിൽ ഇസ്രയേലിൻ്റെ കരയുദ്ധം; അമേരിക്കയും നേരിട്ട് ഇറങ്ങുമോ? ബ്ലിങ്കൻ്റെ ചർച്ച നിർണായകമാകും

Spread the love

ടെൽഅവീവ്: ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ആശങ്കയും വർധിക്കുകയാണ്. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാർഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ സർവസജ്ജമായി ഇറങ്ങുകയാണെന്ന് സാരം.

ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ദൗത്യമെന്ന് ഇസ്രയേൽത്തന്നെ വിലയിരുത്തുന്നു. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് പ്രതികരിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.

അതിനിടെ യു എസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഇസ്രയേലിന്റെ ‘അയേൺ ഡോമിന്റെ’ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും നൽകുമെന്ന് അമേരിക്ക അറിയിച്ച് പശ്ചാത്തലത്തിൽ ആന്റണി ബ്ലിങ്കൻ്റെ ചർച്ചക്ക് പ്രാധ്യന്യമേറും. ഒപ്പം തന്നെ ഗാസയിലേക്കുള്ള കരയുദ്ധം തുടങ്ങുന്ന സാഹചര്യത്തിൽ നിരപരാധികൾ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്ന ആലോചനയും ബ്ലിങ്കൻ നടത്തിയേക്കും.

ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക നേരത്തെ അറിയിച്ചിട്ടുണ്ട്. ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടത്തുന്നുവെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കൻ വിദേശ കാര്യ സെക്രട്ടറിയുടെ ഇസ്രയേൽ സന്ദർശനത്തിന് പ്രാധാന്യമേറും.