Wednesday, January 22, 2025
Latest:
Kerala

ലൈംഗിക പീഡനം പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും

Spread the love

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ്‌ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തിൽവച്ച് ഷിയാസ് പൊലീസ് പിടിയിലായത്. ഗൾഫിൽനിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്.
അതേസമയം നേരത്തെ തന്നെ ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജിമ്മിൽ പരിശീലകയായ യുവതിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.