ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള തട്ടിപ്പ്; പ്രതിപ്പട്ടികയിലുള്ളവരിൽ ആർക്കും ഇടതുപക്ഷവുമായി ബന്ധമില്ലെന്ന് എം.വി ഗോവിന്ദൻ
ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം വേണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവരെയൊക്കെ പിടികൂടിയക്കഴിഞ്ഞപ്പോൾ ചില മാധ്യമങ്ങൾ പറയുന്നത് ഇവർക്കെല്ലാം ഇടതുപക്ഷ ബന്ധമുണ്ടെന്നാണ്. അഖിൽ സജീവൻ ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയിട്ടുള്ളതാണ്.
ഇവരെല്ലാം പാർട്ടിയിൽ നിന്ന് പല ഘട്ടത്തിൽ പുറത്താക്കപ്പെട്ടവരാണ്. അഖിൽ സജീവ് സിഐടിയു ഓഫീസിലുണ്ടായിരുന്നയാളാണ്. അവിടെ നിന്ന് പുറത്താക്കിയിരുന്നു. അവർ കൊടുത്ത പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ചെയിതിരിക്കുന്നത്. ഇവരെയെല്ലാം നിമയത്തിന് മുന്നിൽ കൊണ്ട് വരുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്.പി നന്ദകുമാറിൻറെ നേതൃത്വത്തിൽ അഖിൽ സജീവിനെ ചോദ്യം ചെയ്തുവരികയാണ്.
മരുകമൾക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് പറഞ്ഞ് ഹരിദാസൻ എന്നയാളിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖിൽ സജീവൻ വാങ്ങി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് കൈമാറിയെന്നാണ് ആരോപണം.