National

മനീഷ് സിസോദിയക്കെതിരെ തെളിവെവിടെ?: മദ്യനയ കേസിൽ അന്വേഷണ ഏജൻസികളോട് സുപ്രീം കോടതി

Spread the love

ഡൽഹി മദ്യനയ അഴിമതി കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്കെതിരെ എന്ത് തെളിവാണ് തങ്ങളുടെ പക്കലുള്ളതെന്ന് അന്വേഷണ ഏജൻസികളോട് കോടതി ചോദിച്ചു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി ശക്തമായി പ്രതികരിച്ചത്. ഹർജി അടുത്ത ആഴ്ചയിലേക്ക് മാറ്റി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിക്ക് പുറമെ സിസോദിയയ്‌ക്കെതിരെ മറ്റെന്ത് തെളിവാണുള്ളതെന്ന് അന്വേഷണ ഏജൻസികളോട് കോടതി ചോദിച്ചു. മനീഷ് സിസോദിയ പണം കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് സംഖ്യകൾ പറയുന്നുണ്ട്. ആരാണ് പണം നൽകിയത്? എങ്ങനെയാണ് ആ പണം എത്തിയത്? ഈ കേസിലെ പ്രതിയാണ് ദിനോഷ്. ഇയാളുടെ മൊഴിയല്ലാതെ എന്തെങ്കിലും തെളിവുണ്ടോ?- കോടതി ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ എങ്ങനെ നിലനിൽക്കും? ഇത് വ്യക്തമാക്കാൻ വേറെ എന്തെങ്കിലും തെളിവുണ്ടോ? ആം ആദ്മി പാർട്ടി പ്രതിസ്ഥാനത്ത് ഇല്ലെങ്കിൽ കേസ് എങ്ങനെ മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു. കള്ളപ്പണ വെളുപ്പിക്കലും ആയി ബന്ധപ്പെടുത്തുന്ന തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.