Kerala

‘തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടം’; ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ മന്ത്രിമാർ

Spread the love

തൊഴിലാളികളുടെ പ്രിയങ്കരനും മുതിർന്ന സിപിഐഎം നേതാവുമായ ആനത്തലവട്ടം ആനന്ദന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ കയർ തൊഴിലാളികളുടെ അവകാശ പേരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി സിഐടിയുവിന്റേയും സിപിഐ എമ്മിന്റേയും മുൻനിരയിലേക്ക്‌ ഉയർന്ന ആനത്തലവട്ടം ആനന്ദൻ എക്കാലത്തും പൊതുപ്രവർത്തനത്തിന്‌ പ്രചോദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ പട്ടിണി അവസാനിപ്പിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ തൊഴിലാളി പ്രവർത്തകർക്ക്‌ എന്നും ആവേശം നൽകുന്ന അനുഭവമാണ്‌. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പൊതുപ്രവർത്തന ജീവിതത്തിൽനിന്ന്‌ തൊഴിലാളികളുടെ അനിഷേധ്യ നേതാവായി അദ്ദേഹം ഉയർന്നു. 1950 കളിൽ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച കയർത്തൊഴിലാളികളുടെ സമരം ഫലപ്രാപ്തിയിലേക്ക്‌ എത്തിക്കുന്നതിന്‌ മുൻനിരയിൽനിന്നുള്ള പ്രവർത്തനം അദ്ദേഹത്തിന്റെ തൊളിലാളി സംഘടനാ പ്രവർത്തനത്തിന്‌ മാറ്റേകി.

റെയിൽവേയിൽ ലഭിച്ച മികച്ച ജോലി അവസരം ഉപേക്ഷിച്ച്‌ പൂർണസമയ തൊഴിലാളി പ്രവർത്തകനാകാനുള്ള തീരുമാനം ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിന്‌ മികച്ച മുതൽകൂട്ടായി. അന്നുമുതൽ അവസാനനാളുകൾവരെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടി. അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതവും ജയിൽവാസവുമൊന്നും ആ നിശ്ചയദാർഢ്യത്തെ ഇളക്കിയില്ല. പരമ്പരാഗതതൊഴിൽമേഖലയാകെ സംരക്ഷിക്കുന്നതിന്‌ ഏറ്റെടുത്ത പ്രക്ഷോഭങ്ങൾക്കെല്ലാം മാർഗദർശിയായി മുന്നിൽനിന്നു. തൊഴിലിടങ്ങളിൽ തൊഴിലാളി ഐക്യം ഉറപ്പാക്കുന്നതിന്‌ അദ്ദേഹത്തിന്റെ ബോധപൂർമായ ഇടപെടലുകൾ വൻവിജയമുണ്ടാക്കി.

മികച്ച നിയമസഭാ സാമാജികനായും തിളങ്ങി. അതതുകാലത്തെ രാഷ്‌ട്രീയ സംഭവവികാസങ്ങളെ, തന്റെ രാഷ്‌ട്രീയ നിലപാടുകൾക്കുള്ളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അവലോകനം ചെയ്യാനും, അത്‌ വാർത്താ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുംവഴി തൊളിലാളികളിലും പൊതുസമൂഹത്തിലും എത്തിക്കാനും അദ്ദേഹം കാട്ടിയ മിടുക്ക്‌ പൊതുപ്രവർത്തകർക്ക്‌ അനുകരണീയമാണ്‌. മുതിർന്ന നേതാവ്‌ എന്ന നിലയിൽ ആനത്തലവട്ടം ആനന്ദന്റെ വേർപാട്‌ വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും, പാർടി സെന്റർ കേന്ദ്രീകരിച്ച്‌ പ്രവർത്തനം തുടങ്ങിയപ്പോഴും നേതൃ സ്ഥാനത്തുനിന്ന്‌ മാർഗനിർദേശം നൽകാൻ അദ്ദേഹമുണ്ടായി. പാർടി കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുമ്പോൾ, തെരഞ്ഞെടുപ്പ്‌ കാലഘട്ടങ്ങളിലടക്കം കൂടെ നിന്ന്‌ നയിക്കാനും ഒപ്പമുണ്ടായി. അദ്ദേഹത്തിന്റെ വേർപാടിൽ തൊഴിലാളികളുടെയും പൊതുപ്രസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നുവെന്നും കെ.എൻ ബാലഗോപാൽ.

ആനത്തലവട്ടം ആനന്ദന്റെ മരണം തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കയർ തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം പ്രക്ഷോഭങ്ങളിലൂടെയാണ് വളർന്നത്. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ആനത്തലവട്ടം ആനന്ദനെന്നും മന്ത്രി റിയാസ്.