Saturday, May 18, 2024
Latest:
World

കൊവിഡിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ച കണ്ടുപിടിത്തത്തിന് നൊബേൽ സമ്മാനം, ആ രണ്ടുപേർക്കും വൈദ്യശാസ്ത്ര നൊബേൽ

Spread the love

സ്റ്റോക്ക്ഹോം: മനുഷ്യരാശി ഒന്നാകെ ഭയപ്പെട്ടുപോയതാണ് കൊവിഡ് 19 കാലം. ഓരോ ദിവസവും ലോകത്ത് ഈ വൈറസ് കാരണം മരിച്ചുവീണവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരുന്നത്. ലോകമൊന്നാകെ അടച്ചുപൂട്ടിയ ദിനങ്ങളായിരുന്നു. ഇന്ത്യയിലും കേരളത്തിലുമെല്ലാം അവസ്ഥ മറ്റൊന്നായിരുന്നില്ല. പുറത്തിറങ്ങാൻ പോലും മനുഷ്യൻ ഭയപ്പെട്ട കാലത്ത് രക്ഷക്കുള്ള വഴി തെളിച്ചവരാണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും. കൊവിഡ് പ്രതിരോധത്തിൽ അതിനിർണായകമായ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ ഇരുവർക്കും ഇന്ന് ലോകത്തിന്‍റെ ആദരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ ആണ് ഇരുവർക്കുമായി പ്രഖ്യാപിച്ചത്.

കൊവിഡ് 19 എം ആർ എൻ എ വാക്സീൻ വികസനത്തിനുള്ള ഗവേഷണത്തിനാണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സമ്മാനിക്കുന്നത്. കാറ്റലിൻ കാരിക്കോയുടെ ജന്മദേശം ഹംഗറിയാണ്. ഡ്രൂ വൈസ്മാനാകട്ടെ അമേരിക്കയിലാണ് ജനിച്ചത്. ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമായത്. എം ആർ എൻ എ വാക്സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്.

വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.