Wednesday, January 22, 2025
National

‘രാജസ്ഥാൻ സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു’; പ്രധാനമന്ത്രി

Spread the love

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചതെന്നും മോദി.

രാജസ്ഥാനിലെ ചിറ്റോർഗഡിൽ 7,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ജനങ്ങളെ കബളിപ്പിച്ചാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. ഈ സർക്കാർ വൻ പരാജയമായി മാറി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ നോക്കുമ്പോൾ, പകുതി കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ പുറത്താക്കാൻ സജീവമായി ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ കൊള്ളയടിച്ച് തകർത്തു. സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല. ക്രൈം ലിസ്റ്റിൽ രാജസ്ഥാൻ ഒന്നാമതെത്തിയത് തന്നെ വേദനിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം കേസുകൾ രാജസ്ഥാനിൽ നിന്നാണ്, ഇതിനാണോ നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത്?-മോദി ചോദിച്ചു.

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതായി അശോക് ഗെഹ്‌ലോട്ടിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചത്. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ തന്റെ പദ്ധതികൾ ഉപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുന്നതും ഇക്കാരണത്താലാണ്. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പരസ്യമായി അംഗീകരിച്ചതിന് ഗെഹ്‌ലോട്ടിന് നന്ദി പറയുന്നു. ഒരു പദ്ധതിയും മുടങ്ങില്ല, കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നൽകുന്നു. ഇത് മോദിയുടെ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.