ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി; രാജ്യവ്യാപക ശുചിത്വയജ്ഞത്തിന് ആഹ്വാനം
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിന് ആഹ്വാനം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ന് മുതലാരംഭിച്ച ശുചിത്വയജ്ഞം, ശുചിത്വമുള്ള ഇന്ത്യ കൂട്ടായ ഉത്തരവാദിത്തം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാത്ത്’ എന്നറിയപ്പെടുന്ന ക്യാമ്പെയിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചൂലുമായി ശുചീകരണത്തിന് ഇറങ്ങി. പ്രധാനമന്ത്രി ശുചീകരണത്തിന്റെ യജ്ഞത്തിന്റെ ഭാഗമായ വീഡിയോ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ഗുസ്തി താരവും ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറുമായ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പമാണ് പ്രധാനമന്ത്രിക്കൊശുചീകരണത്തില്‍ പങ്കാളിയായത്. രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിക്കൊപ്പം ഫിറ്റ്നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ ശുചിത്വ ക്യാമ്പെയ്നിന്റെ ഭാഗമായി. സ്വച്ഛതാ ഹി സേവ ക്യാമ്പെയ്നിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഒരു മണിക്കൂര്‍ നീളുന്ന ശുചീകരണ പരിപാടി നടന്നു.