Monday, January 27, 2025
Kerala

ഇങ്ങനെ പോയാൽ ശരിയാകില്ല, കരുവന്നൂരിൽ പണമെത്തിക്കാൻ പുതിയ നീക്കവുമായി സിപിഎമ്മും സർക്കാരും

Spread the love

പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനിൽക്കെ പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്‍റെ കരുതൽ ധനത്തിൽ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദൽ നീക്കം.

കരുവന്നൂരിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതാത് ഭരണ സമിതികളോട് സഹകരണ മന്ത്രി നേരിട്ട് ചര്‍ച്ചകൾ നടത്തുന്നുണ്ട്. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് പണം സമാഹരിക്കാൻ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പേരിൽ അലസിപ്പിരിഞ്ഞിരുന്നു. ഭരണ സമിതികളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് കേരള ബാങ്കിന്‍റെ കരുതൽ ധനത്തിൽ നിന്ന് പണമെത്തിയാലുടൻ നിക്ഷേപം പിൻവലിക്കാമെന്ന വ്യവസ്ഥ മുൻനിര്‍ത്തി കൂടിയാണ് ചര്‍ച്ച.

കേരളാ ബാങ്കിൽ നിന്ന് സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് വായ്പയെടുക്കുന്നതിലും സാങ്കേതിക കടമ്പകൾ ഏറെയാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ലാഭത്തിന്‍റെ 15 ശതമാനം കേരളാ ബാങ്കിൽ കരുതൽ ധനം നിക്ഷേപിക്കുന്നുണ്ട്. ഇത്തരത്തിൽ കേരളാബാങ്കിന്‍റെ കൈവശമുള്ള 1500 കോടിയോളം രൂപയിൽ നിന്ന് 500 കോടി പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാനാണ് ധാരണ. അതാത് സഹകരണ സംഘത്തിന്‍റെ അനുമതിക്കൊപ്പം സഹകരണ നിയമഭേദഗതിയുടെ നടപടി ക്രമങ്ങളും ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരള ബാങ്ക് ഭരണ സമിതി തീരുമാനിച്ചാൽ വായ്പ നൽകാൻ തടസമില്ലെങ്കിലും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി നബാര്‍ഡ് ഉടക്കിട്ടിട്ടുണ്ട്. കോര്‍ ഫണ്ടിനേക്കാൾ മേലെ നഷ്ടമുള്ളതോ തട്ടിപ്പിലൂടെ തകര്‍ന്ന സംഘടങ്ങള്‍ക്കോ വായ്പ നൽകരുതെന്നാണ് ആര്‍ബിഐ വ്യവസ്ഥ. ഇതുരണ്ടും കരുന്നൂരിന് നിലവിൽ തിരിച്ചടിയുമാണ്