National

കലാപം തുടരുന്നു, ജനജീവിതം പ്രതിസന്ധിയില്‍; സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് മണിപ്പൂര്‍ ബിജെപി; നദ്ദയ്ക്ക് കത്തയച്ചു

Spread the love

കലാപം തുടരുന്നതില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് മണിപ്പൂര്‍ ബിജെപി. സര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചു. കലാപ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് കത്തിലുള്ളത്.

മണിപ്പൂരില്‍ ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്ന് നേതാക്കള്‍ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടന്‍ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണം. പ്രശ്‌നക്കാരെ അറസ്റ്റുചെയ്യണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കത്തിലുള്ളത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ കാര്യങ്ങള്‍ വഷളാക്കുന്നുണ്ടെന്ന് മണിപ്പൂര്‍ ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപി മണിപ്പൂര്‍ അധ്യക്ഷ എ. ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് ജെ പി നദ്ദയ്ക്ക് കൈമാറിയത്. കലാപത്തിന് ഇരകളായ സാധാരണ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.