National

വിദ്യാർത്ഥികളുടെ കൊലപാതകം: മണിപ്പൂരിൽ പ്രതിഷേധം, സമരക്കാരും പൊലീസും ഏറ്റുമുട്ടി

Spread the love

മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അതേസമയം തൗബാൽ ജില്ലയിലും മെയ്തേയ് യുവജന സംഘടനകൾ പ്രതിഷേധിച്ചു.

ജൂലൈയിൽ കാണാതായ വിദ്യാർത്ഥികളുടെ രണ്ട് ഫോട്ടോകൾ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ആദ്യത്തെ ഫോട്ടോയിൽ 17 വയസ്സുള്ള പെൺകുട്ടിയും ആൺകുട്ടിയും ഒരു സായുധ സംഘത്തിന്റെ ജംഗിൾ ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്ലിൽ ഇരിക്കുന്നതായി കാണിക്കുന്നു. തോക്കുകളുമായി രണ്ടുപേർ പിന്നിൽ നിൽക്കുന്നതായും കാണാം. രണ്ടാമതായി വന്ന ഫോട്ടോയിൽ കുട്ടികൾ മരിച്ചതായി കാണപ്പെടുന്നുണ്ട്.

കൊലപാതകങ്ങൾക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ചൊവ്വാഴ്ച രാത്രിയോടെ പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കംഗ്ല കോട്ടയ്ക്ക് സമീപത്ത് വീണ്ടും പ്രതിഷേധമുയർന്നു. തുടർന്ന് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, പൊലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു, അവരിൽ ചിലർക്ക് ഗുരുതരമാണ്.