Kerala

ഗവർണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകൾ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Spread the love

വാർത്താ സമ്മേളനത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രം​ഗത്ത്. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കുന്നത്. ഗവർണർ സ്വീകരിച്ച സമീപനം കാരണമാണ് ബിൽ നിയമമാകാത്തത്. ബിൽ ഒപ്പിടുന്നതിൽ കാലതാമസമുണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്.
വിശദീകരണം നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടിട്ടില്ല.

സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനം അനിശ്ചിതത്വത്തിലാവുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാകില്ല. സുപ്രീം കോടതിയെ സമീപിക്കും. കരുവന്നൂർ സഹകരണ ബാ​ങ്ക് തട്ടിപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വലിയ പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കാളയുകയല്ലേ വേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. സഹകരണ മേഖല ചിലരുടെ മനസ്വാസ്ഥ്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ആരംഭിച്ച സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖല. കരുവന്നൂർ തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ക്രമക്കേടുകൾ തടയുന്നതിന് 50 വർഷം മുൻപുള്ള നിയമം നമ്മൾ പരിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികകൾ അല്ല തട്ടിപ്പ് കണ്ടെത്തിയത്. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള വേട്ടയടലാണ് ഇഡി നടത്തുന്നത്. രാഷ്ട്രീയ വേട്ടയാടൽ തന്നെയാണ് നടക്കുന്നത്. ഇത് ലോക്സഭാ തെരഞ്ഞെടുപ് മുന്നിൽ കണ്ടല്ലേ എന്ന് സംശയമുണ്ട്. ഈ ഉത്സാഹത്തിന്റെ പിന്നിൽ എന്താണെന്ന് ജനങ്ങൾക്ക് ഉടൻ മനസിലാകും.

കരുവന്നൂർ തട്ടിപ്പ് ആദ്യം പൊലീസാണ് കണ്ടെത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘത്തിന്റെ മുൻ സെക്രട്ടറി അടക്കം 26 പേർ പ്രതികളായി. അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്തു. ഇതു തുടരുമ്പോഴാണ് ഇ.ഡിയുടെ ഇടപെടൽ വരുന്നത്. അവർ രേഖകൾ പിടിച്ചടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന സർക്കാരും സഹകരണ വകുപ്പും ബാങ്കിനെ രക്ഷിക്കാനാണ് ശ്രമിച്ചത്. അതിനാണ് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇ.ഡിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും ഇവിടെ നടക്കില്ല. ആരെയെങ്കിലും എടുത്തിട്ട് ബിനാമി എന്നു പറഞ്ഞാൽ ഇവിടെ നടക്കില്ലെന്ന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.