ഐപിഎല്ലിൽ അഭിമാന പോരാട്ടം, ചെന്നൈയും മുംബൈയും നേർക്കുനേർ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ധോണിക്കും കൂട്ടർക്കും പ്ലേ-ഓഫ് സാധ്യതകൾ നില നിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. പരുക്കിനെ തുടർന്ന് മുൻ നായകൻ രവീന്ദ്ര ജഡേജ പുറത്തായത് സി.എസ്.കെയ്ക്ക് തിരിച്ചടിയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് ജീവൻ മരണ പോരാട്ടം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫേവറിറ്റുകളാണ് ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും. ചരിത്രം പരിശോധിച്ചൽ ഐപിഎല്ലിൽ ഇവർ പുലർത്തിയിരുന്ന ആധിപത്യം എത്രത്തോളം ഉണ്ടെന്ന് അറിയാൻ സാധിക്കും. 9 തവണ ഇവർക്കിടയിൽ മാത്രം ഐപിഎൽ കിരീടം ഒതുങ്ങി നിന്നു. ചെന്നൈ മുംബൈ മത്സരം ഒരു യുദ്ധമായാണ് ആരാധകർ കണക്കാക്കുന്നത്. ഈ സീസണിൽ വമ്പന്മാർക്ക് അടിതെറ്റിയെങ്കിലും ഇന്നത്തെ പോരിന് മാറ്റ് കുറയില്ല.
ടൂർണമെന്റിൽ നിന്ന് പുറത്തായ മുംബൈ ഇന്ത്യൻസിന് ഇന്ന് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ രോഹിത്തും കൂട്ടരും മനസുവച്ചാൽ ചെന്നൈ സ്വപ്‌നങ്ങൾ തകർക്കാൻ കഴിയും. ഇന്ന് എം.ഐ ജയിച്ചാൽ സി.എസ്.കെയുടെ പ്ലേ-ഓഫ് സാധ്യതകൾ പൂർണമായി അടയും. ഇനിയുള്ള കളികൾ മുഴുവൻ ജയിക്കേണ്ട സ്ഥിതിയാണ് ചെന്നൈയ്ക്ക്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരം സിഎസ്‌കെക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ആരാധകർ.
സി.എസ്.കെയും എം.ഐയും 33 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ എം.ഐ 19 തവണയും ചെന്നൈ 14 തവണയും വിജയിച്ചു. ഈ സീസണിൽ രണ്ട് വിജയം മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മറുവശത്ത്, സി.എസ്.കെ കളിച്ച 11 മത്സരങ്ങളിൽ 4 മത്സരങ്ങൾ ജയിച്ച് മുംബൈയ്ക്ക് തൊട്ടുമുകളിലും.