Kerala

ചാരുംമൂട് സംഘർഷം : 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Spread the love

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. 11 സിപിഐ പ്രവർത്തകരും 7 കോൺഗ്രസ് പ്രവർത്തകരുമാണ് ഇതുവരെ അറസ്റ്റിലായത്.

മെയ് 4ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫിസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫിസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇത് സംബന്ധിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒക്ക് പരാതിയും നൽകിയിരുന്നു.

ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർ മുണ്ടാക്കി. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.

തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടിമരം നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പൊലീസുകാർക്കും തലയ്ക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പൊലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു.