ചിന്നക്കനാലിലെ ഏലത്തോട്ടങ്ങള്‍ രാജഭരണകാലം മുതലുള്ളത്; കയ്യേറ്റം ഒഴിപ്പിക്കലില്‍ ദുരൂഹതയുണ്ടെന്ന് എം എം മണി
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയില്‍ ദുരൂഹത ആരോപിച്ച് എംഎം മണി എംഎല്‍എ. കളക്ടര്‍ അവസാന വാക്കല്ല. നിയമപരമായ നടപടിയുണ്ടെന്നും ചിന്നക്കനാലിലെ ഏലത്തോട്ടങ്ങള്‍ രാജഭരണകാലം മുതലുള്ളതാണെന്നും എം എം മണി പറഞ്ഞു. കയ്യേറിയ ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന വാദത്തില്‍, പട്ടയമുള്ള ഭൂമിയില്‍ പണിത കോളജാണെന്നും നിയമപരമായ കാര്യങ്ങള്‍ അതില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമായിരുന്നു എം എം മണിയുടെ മറുപടി.
ഇന്ന് രാവിലെയോടെയാണ് മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഒഴിപ്പിക്കുന്ന ഏലക്കൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു.
രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.