‘മത-വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ സന്ദര്‍ശിച്ച നടപടി തെറ്റ് തന്നെ’; യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം നേരിടുന്ന ബിന്ദു കൃഷ്ണയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളത്തിന്റെ അഭിപ്രായത്തെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. സിപിഐഎമ്മില്‍ നിന്ന് മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുമ്പോള്‍ തന്നെ മത-വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവരെ സന്ദര്‍ശിച്ച നടപടി തെറ്റ് തന്നെയാണെന്ന് ദുല്‍ഖിഫില്‍ നിലപാട് വ്യക്തമാക്കി. വര്‍ഗ്ഗീയ നിലപാടുകളുള്ളവരില്‍ നിന്ന് വ്യക്തമായ അകലം പാലിക്കുകയെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആശയത്തിന് തീര്‍ത്തും വിരുദ്ധമാണ് ഇത്തരം സന്ദര്‍ശനങ്ങളും അതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും എന്നും ദുല്‍ഖിഫില്‍ അഭിപ്രായപ്പെട്ടു. വീഴ്ചകളെ ന്യായീകരിക്കാന്‍ ഗാന്ധിയെയും നെഹ്റുവിനെയും കൂട്ടുപിടിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഒരു തരത്തിലുള്ള പൊട്ടിത്തെറിയോ തര്‍ക്കമോ ഉണ്ടാകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും ദുല്‍ഖിഫില്‍ വ്യക്തമാക്കി.വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദുല്‍ഖിഫില്‍ മറുപടി നല്കി. കോണ്‍ഗ്രസിനകത്ത് നടക്കുന്ന ഇത്തരം ജനാധിപത്യപരമായ സംവാദങ്ങളെ മുന്‍നിര്‍ത്തി യുഡിഎഫിനോടും കോണ്‍ഗ്രസിനോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാസ്റ്റര്‍ക്ക് യാതൊരുവിധ ധാര്‍മ്മിക അവകാശവുമില്ലെന്ന് ദുല്‍ഖിഫില്‍ പറഞ്ഞു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം എന്ന് പറയുന്നതുപോലെ, ഈ വിഷയത്തില്‍ ഇടപെടാന്‍ സിപിഐഎം നേതാക്കള്‍ക്കോ അണികള്‍ക്കോ ഒരു അവകാശവുമില്ലെന്നും ദുല്‍ഖിഫില്‍ വ്യക്തമാക്കി.
ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിനെ നേരത്തെ ദുല്‍ഖിഫില്‍ അപലപിച്ചിരുന്നു. വിദ്വേഷ-വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കായി സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെ മതേതര മൂല്യങ്ങള്‍ക്ക് കോട്ടമുണ്ടാക്കും എന്നായിരുന്നു ദുല്‍ഖിഫില്‍ അഭിപ്രായപ്പെട്ടത്. ഫാസിസത്തിനെതിരെ തെരുവില്‍ പോരാടുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് ഈ സന്ദര്‍ശനം നിരാശയും പ്രയാസവും ഉണ്ടാക്കിയെന്നും ദുല്‍ഖിഫില്‍ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു ബിന്ദു കൃഷ്ണയെ പിന്തുണച്ചുള്ള വിഷ്ണു സുനില്‍ പന്തളത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.കള്ളപ്രചാരണങ്ങളിലൂടെ കടിച്ചുകീറാന്‍ തക്കംപാര്‍ത്ത് നില്ക്കുന്ന സിപിഐഎമ്മുകാരുടെ മുന്നിലേക്ക് മന്ത്രി ബിന്ദുകൃഷ്ണയെ ഇട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല, ഏതറ്റംവരെയും പ്രതിരോധിക്കുമെന്നായിരുന്നു വിഷ്ണു വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തോട് മിണ്ടാനും അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതല്‍ അപകടകരമാണെന്നും വിഷ്ണു അഭിപ്രായപ്പെട്ടിരുന്നു.
