അമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ
വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കയുടെ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ. അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായും ചരക്ക് കപ്പലുകളെ ആക്രമിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഇറാനിൽ ഇന്നലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.ഇറാൻ – അമേരിക്ക സമാധാന കരാറിന് തടസ്സമാകുന്നത് ആണവ പദ്ധതിയെയും ഉപരോധത്തെയും കുറിച്ചുള്ള തർക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ.
ഭീഷണികളുടെ പശ്ചാത്തലത്തിൽ മുസ്ലിങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നതിനായി ഒരുമിക്കണമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ.
ഇറാഖ്, ഒമാൻ, തുർക്കി, താജിക്കിസ്ഥാൻ, ഈജിപ്ത്, ഖത്തർ, കിർഗിസ്താൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി സംസാരിച്ചതായും പെസഷ്കിയാൻ വ്യക്തമാക്കി.അതേസമയം ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ, ഗൾഫ് രാജ്യങ്ങളും പാകിസ്താനും അബ്രഹാം കരാറിന്റെ ഭാഗമാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനും അബ്രഹാം കരാറിന്റെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇറാൻ അതിന് തയാറായാൽ നല്ല കാര്യമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. എന്നാൽ പാകിസ്താൻ അബ്രഹാം കരാറിൽ ഒപ്പിടില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
