Uncategorized

ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് സിജെപി

Spread the love

 

ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി നല്‍കിയത്. എക്‌സില്‍ അക്കൗണ്ട് തുടങ്ങി അഞ്ചു ദിവസത്തിനകം അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ദേശീയ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം അനുസരിച്ചുകൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിശദീകരണം. (Blocking of X handle Cockroach Janta Party moves Delhi High Court)

 

 

ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സിജെപിയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് വിലക്കാനാകുന്ന സെക്ഷനാണിത്. എന്നാല്‍ സിജെപിയെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതേസമയം സിജെപിയെ പിന്തുണച്ച് എന്‍ഡിഎ സഖ്യകക്ഷി ടി ഡി പിയും രംഗത്തെത്തി. സിജെപിയുടെ വിഷയം രാഷ്ട്രീയ കോണിലൂടെ മാത്രം കാണരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. യുവാക്കളുടെ കണ്ണിലൂടെ വേണം പ്രശ്‌നത്തെ കാണാന്‍ എന്ന് ടിഡിപി സംസ്ഥാന അധ്യക്ഷന്‍ പല്ലാ ശ്രീനിവാസ റാവു പറഞ്ഞു. യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങളും ഭേദഗതികളും സര്‍ക്കാര്‍ കൊണ്ട് വരണം. വഞ്ചിക്കപ്പെട്ടുവെന്ന് യുവാക്കള്‍ക്ക് തോന്നാത്ത രീതിയില്‍ ഭരിക്കുന്നതാകണം സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ടിഡിപി അഭിപ്രായപ്പെട്ടു.