ജമ്മു കശ്മീരിൽ കേബിൾ കാറിൽ വിനോദസഞ്ചാരികൾ കുടുങ്ങി; രക്ഷാദൗത്യം പുരോഗമിക്കുന്നു
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാർ സർവീസ് തകരാറിലായി മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങി. എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കാൻ വൻ രക്ഷാദൗത്യമാണ് പുരോഗമിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുടുങ്ങിയവരിൽ മലയാളികളായ സഞ്ചാരികളുമുണ്ട്.
സമുദ്ര നിരപ്പിൽ നിന്ന് 8694 മുതൽ 12959 അടി ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഗോണ്ടോള കേബിൾ കാർ സർവീസിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. 65 കേബിൾ കാറുകളിലെ മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങി. പൊലീസും കരസേനയും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളും ഒന്നിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിക്കുന്നത്. ലാഡറുകളും റോപ്പും ഉപയോഗിച്ച് ആളുകളെ സുരക്ഷിതമായി മാറ്റുന്നു.
ഇതുവരെ നൂറിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. എന്നാൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ രാത്രിയാകും എന്നാണ് വിലയിരുത്തൽ. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ദൗത്യം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനം നേരിട്ട് വിലയിരുത്താൻ ജമ്മുകശ്മീർ ഡിജിപി നളിൻ പ്രഭാത് സംഭവസ്ഥലത്ത് എത്തി. ഇന്നലെയും സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാർ ഒരുമണിക്കൂർ നേരം തടസ്സം അനുഭവപ്പെട്ടിരുന്നു. റോപ് വേ നിശ്ചലം ആണെങ്കിലും അപകട സാധ്യത ഇല്ലാത്തതിനാൽ എല്ലാവരും സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
