Uncategorized

‘AI വികസനം കുറച്ച് സ്ലോ ആക്കണം’; 43,000 വാക്കുകളുള്ള പോപ്പിന്റെ ലേഖനത്തിൽ നിന്നുള്ള 5 മുന്നറിയിപ്പുകൾ

Spread the love

 

പോപ്പ് ലിയോയുടെ മനോഹരമായ മാനവികത അഥവാ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്’ എന്ന് പേരിട്ടിരിക്കുന്ന ചാക്രിക ലേഖനത്തിലുള്ളത് 43,000 വാക്കുകൾ. അതിലെ ഉള്ളടക്കമോ മാനവരാശി ജാഗ്രത പാലിക്കേണ്ട അഞ്ച് വിഷയങ്ങളും. പോപ്പ് ലിയോയുടെ ലേഖനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണിത്. സാങ്കേതിക വിദ്യയുടെ വളർച്ച ധാർമികവും രാഷ്ടരീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമോ എന്ന ആശങ്കയാണ് ലേഖനം വ്യക്തമാക്കുന്നത്.

 

 

എഐയുടെ അനിയന്തിതമായ വളർച്ച, വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങൾ, യുദ്ധ സംസ്കാരം എന്നിവയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് ലേഖനത്തിലൂടെ നൽകുന്നുണ്ട്. വിഭജനം വർധിപ്പിക്കാനും അക്രമങ്ങൾക്ക് ഇന്ധനമാവുകയും ചെയ്യും മുൻപ് എഐ വികസനം ദ്രുതഗതിയിലാക്കാൻ അദ്ദേഹം ടെക് കമ്പനികളോടും സർക്കാരിനോടും ആഹ്വാനം ചെയ്തു. പോപ്പിന്റെ സന്ദേശത്തിൽ നിന്നുള്ള അഞ്ച് പ്രധാന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

 

AI വികസനം മന്ദഗതിയിലാക്കുക

നിർമിത ബുദ്ധി നിയന്ത്രണത്തിന് കൃത്യമായ രാഷ്ട്രീയ ഇടപെടൽ വേണമെന്നാണ് പോപ്പിന്റെ ആദ്യ അഭ്യർഥന. മതിയായ മേൽനോട്ടമില്ലാതെ സാങ്കേതിക വിദ്യ പുരോഗമിക്കുന്പോൾ വലിയ അപകടമുണ്ടാകുമെന്ന് പോപ്പ് മുന്നറിയിപ്പ് നൽകുന്നു. എഐയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് തൊഴിലാളികൾ,കുട്ടികൾ, ദുർബല സമൂഹങ്ങൾ എന്നിവരെ സംരക്ഷിക്കുന്ന നിയമ സുരക്ഷ വേണമെന്നും മാർപാപ്പ പറയുന്നു. സ്വതന്ത്ര നിരീക്ഷണ സംവിധാനങ്ങളും നയങ്ങളും വേണമെന്നും ലോകനേതാക്കളോട് മാർപാപ്പ അഭ്യർഥിക്കുന്നു. എഐ നിയന്ത്രണം പൂർണമായും സ്വകാര്യ മേഖല കയ്യാളുന്നതിനെതിരെയും പോപ്പ് മുന്നറിയിപ്പ് നൽകി.

 

സംഘർഷങ്ങളും തെറ്റായ വിവരങ്ങളും വഷളാക്കാൻ എഐക്ക് കഴിയും

നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ എഐ സംവിധാനങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും സാമൂഹിക സംഘർഷം വർധിപ്പിക്കാനും സാമൂഹിക അസ്ഥിരത സൃഷ്ടിക്കാനും കാരണമാകുമെന്നാണ് ലേഖനത്തിൽ പറയുന്നത്. ധാർമിക ഉത്തരവാദിത്തമില്ലാതെ പ്രധാന എഐ കന്പനികൾ മത്സരിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. യന്ത്രങ്ങൾ സ്വതന്ത്ര തീരുമാനമെടുക്കുന്നതിന് അനുമതി നൽകരുതെന്നും മാർപാപ്പ പറയുന്നു.

 

നീതിപൂർവകമായ യുദ്ധമെന്ന ആശയം കാലഹരണപ്പെട്ടു

യുദ്ധങ്ങളെ ന്യായീകരിക്കാനുപയോഗിക്കുന്ന നീതിപൂർവക യുദ്ധമെന്ന ന്യായീകരണ സിദ്ധാന്തത്തെയും ലേഖനത്തിൽ വിമർശിച്ചിട്ടുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് യുദ്ധമെന്ന സിദ്ധാന്തം കാലഹരണപ്പെട്ടെന്ന് മാർപാപ്പ എഴുതി. ബലം, അക്രമം,ആയുധങ്ങൾ എന്നിവയുടെ ഉപയോഗം സിവിലിയൻ ജനതയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്ന് ലേഖനത്തിലുണ്ട്.

ശ്രദ്ധ തിരിക്കലിനായി യുദ്ധത്തെ ഉപയോഗിക്കുന്ന നേതാക്കൾക്ക് മുന്നറിയിപ്പ്

ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ചില രാഷ്ട്രീയ നേതാക്കൾ സായുധ സംഘട്ടനങ്ങൾ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട് . പല മേഖലകളിലും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും ദീർഘകാല സംഘർഷങ്ങളെക്കുറിച്ചുമുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ പരാമർശങ്ങൾ.

 

അടിമത്തത്തിൽ സഭയുടെ പങ്കിന് പോപ്പിന്റെ ക്ഷമാപണം

അറ്റ്ലാന്റിക്കിന് കുറുകെയുള്ള മേഖലകളിലെ അടിമത്തത്തെ അപലപിക്കാൻ കത്തോലിക്ക സഭ വൈകിയത് സമ്മതിക്കുകയും സ്ഥാപനത്തിന്റെ ചരിത്രപരമായ പരാജയങ്ങൾക്ക് ഔപചാരിക ക്ഷമാപണം നടത്തുകയും ചെയ്തു. ക്രിസ്തീയ ഓർമയിലെ മുറിവാണിതെന്നും സഭയുടെ പേരിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും പോപ്പ് പറഞ്ഞു. ‘ഒരു ഇടയന്റെയും പിതാവിന്റെയും ഹൃദയത്തോടെ,മറ്റൊരു ബാബേൽ ഗോപുരത്തിന്റെ നിർമാണം ഉപേക്ഷിച്ച് പൊതുനന്മ കെട്ടിപ്പടുക്കുന്നതിൽ പങ്കുചേരാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’- പോപ്പ് എഴുതി.