Wednesday, May 20, 2026
Latest:
Uncategorized

കേരളത്തിന്റെ ഗതാഗത മേഖലയിൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പദ്ധതി; സിൽവർലൈൻ പദ്ധതിയുടെ നാൾവഴി

Spread the love

 

ഏറെ വിവാദമായ മുൻ സർക്കാരിന്റെ കാലത്തെ സിൽവർലൈൻ പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം നൽകിയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പദ്ധതിയാണ് സിൽവർലൈൻ. സിൽവർലൈൻ പദ്ധതിയുടെയും വിവാദങ്ങളുടെയും നാൾവഴിയിലേക്ക്.

 

 

2016 ഓഗസ്റ്റ് – കേരള സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അഥവാ കെ-റെയിൽ രൂപീകരിക്കുന്നത്.

 

2019 മാർച്ച് – പദ്ധതിയുടെ പ്രാഥമിക സാമ്പത്തിക-സാങ്കേതിക അനുമതിക്കായി സമർപ്പിച്ച പ്രീ-ഫീസിബിലിറ്റി റിപ്പോർട്ടിന് റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകാരം നൽകി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രാസമയം വെറും 4 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ അർദ്ധ അതിവേഗ റെയിൽ പദ്ധതി വിഭാവനം ചെയ്തത്.

 

2019 ഒക്ടോബർ – കെ-റെയിൽ പദ്ധതിയുടെ വ്യവസ്ഥകൾക്ക് കേന്ദ്ര കാബിനറ്റ് തത്വത്തിൽ അനുമതി നൽകി. ഇതിനെത്തുടർന്ന് വിപുലമായ സർവേകൾ ആരംഭിച്ചു.

 

2020 ജൂൺ – പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന കൺസൾട്ടൻസി കമ്പനി തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.

 

2020 ഒക്ടോബർ – നീതി ആയോഗ് ഈ പദ്ധതിക്ക് ചില നിബന്ധനകളോടെ തത്വത്തിൽ അനുമതി നൽകി.2021 ഓഗസ്റ്റ് – സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കും അതിർത്തി നിർണ്ണയത്തിനുമായി കല്ലിടുന്നതിനും സംസ്ഥാന സർക്കാർ അനുമതി നൽകി ഉത്തരവിറക്കി.

 

2021 ഒക്ടോബർ – ഡിസംബർ വരെ കേരളത്തിലെ വിവിധ ജില്ലകളിൽ, പ്രധാനമായും കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ കക്ഷികളും വലിയ രീതിയിൽ സമരത്തിന് പിന്തുണ നൽകി.

 

2022 ജനുവരി-മാർച്ച് മാസങ്ങളിൽ പദ്ധതിക്ക് വലിയ രീതിയിലുള്ള ജനകീയ പ്രതിരോധം നേരിടേണ്ടി വന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥർ സ്ഥാപിച്ച മഞ്ഞ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ഇതിനിടെ ‘മാടപ്പള്ളി സമരം’ ഉൾപ്പെടെയുള്ളവ വലിയ വാർത്തയായി.

 

2022 മെയ് – ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ജനവാസ മേഖലകളിൽ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നത് നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചു. പകരം ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്താൻ കെ-റെയിലിന് നിർദേശം നൽകി.

 

2022 ജൂൺ – ഡിസംബറിൽ പരിസ്ഥിതി അനുമതിയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ഇല്ലാത്തതിനാൽ പദ്ധതിയുടെ അനുബന്ധ പ്രവർത്തനങ്ങൾ താൽക്കാലികമായി മന്ദഗതിയിലായി. സിൽവർലൈൻ പദ്ധതിയുടെ വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തി.

 

2023 – വായ്പ നൽകേണ്ട അന്താരാഷ്ട്ര ഏജൻസികൾ കേന്ദ്രാനുമതി നിർബന്ധമാക്കിയതോടെ വിദേശ ഫണ്ടിങ് പ്രതിസന്ധിയിലായി. കേന്ദ്ര റെയിൽവേ മന്ത്രാലയം പാർലമെന്റിൽ സിൽവർലൈന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.