മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു: സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്
യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു. സാമൂഹ്യനീതി വകുപ്പില്ലാതെ തദേശ വകുപ്പ് വേണ്ടെന്ന് മുസ്ലീം ലീഗ്. ഫിഷറീസിന് പിന്നാലെ സമൂഹ്യനീതി വകുപ്പിനെചൊല്ലിയും വിവാദം. കഴിഞ്ഞ കാലങ്ങളിൽ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് തങ്ങളായിരുന്നുവെന്നും വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും മുസ്ലിം ലീഗ് പറഞ്ഞു. മന്ത്രിസഭ അധികാരമേറ്റ് ഒരുദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ളിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് എതിർപ്പ് വരുന്നത്. ഇതാണ് വകുപ്പ് വിഭജനം പൂർത്തിയാക്കുന്നതിന് മുന്നിലുളള പ്രധാന തടസം.മന്ത്രിസഭയിലെ സീനിയർ മന്ത്രിയായ എ.പി.അനിൽ കുമാറിന് പ്രധാന വകുപ്പ് നൽകാത്തതിലും പ്രശ്നമുണ്ട് വൈദ്യുതി, പാർലമെൻററികാര്യം, സ്പോർട്സ് വകുപ്പുകളാണ് മൂന്നാം തവണ മന്ത്രിയാകുന്ന എ.പി അനിൽകുമാറിന് നീക്കിവെച്ചിരിക്കുന്നത്. തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതിൽ കെ.സി.വേണുഗോപാൽ പക്ഷത്തിന് എതിർപ്പുണ്ട്.
