Uncategorized

ടിവികെയുടെ വിജയം ‘മാജിക് സൂനാമി’യെന്ന് സ്റ്റാലിൻ; ഡിഎംകെയിൽ അഴിച്ചുപണി, മാറ്റം നിർദേശിക്കാൻ വെബ്സൈറ്റ്

Spread the love

 

ചെന്നൈ ∙ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർ‍ട്ടിയുടെ സമൂല മാറ്റത്തിനായി പൊതുജനങ്ങളിൽ നിന്നു നിർദേശം തേടി ഡിഎംകെ. നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ അറിയിച്ചതിനു പിന്നാലെയാണു വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്നു വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പുതുതലമുറ മാറ്റങ്ങൾ ജനങ്ങൾ നിർദേശിക്കണമെന്നും സ്റ്റാലിൻ അഭ്യർഥിച്ചു.താഴെത്തട്ടിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും 20 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. ടിവികെയുടെ വിജയം ‘മാജിക് സൂനാമി’യെന്നു സ്റ്റാലിൻ യോഗത്തിൽ വിശേഷിപ്പിച്ചു. ഇപ്പോഴുണ്ടായ രാഷ്ട്രീയ മാറ്റത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കണമെന്നും പാർട്ടി ആസ്ഥാനത്തു നടന്ന യോഗത്തിൽ അദ്ദേഹം ജില്ലാ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.അതിനിടെ, വീട്ടമ്മമാർക്കുള്ള ‘മകളിൻ ഉരുമൈ തുകൈ’ പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടൻ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ചു. മേയ് മാസത്തെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപായി ഏപ്രിൽ വരെയുള്ള 3 മാസത്തെ തുകയും വേനൽക്കാല സ്പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്തു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പുതുമൈ പെൺ, തമിഴ് പുതൽവൻ തുടങ്ങിയ ധനസഹായ പദ്ധതികൾ തുടരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ വിദ്യാർഥികൾക്കു പ്രതിമാസം നൽകേണ്ട 1,000 രൂപയും വിതരണം ചെയ്യാൻ നടപടികളെടുത്തിട്ടുണ്ട്.

 

എന്നാൽ, വീട്ടമ്മമാർക്കുള്ള സഹായധന പദ്ധതി പുനഃക്രമീകരിക്കുമെന്നു പ്രഖ്യാപിച്ച വിജയിനെതിരെ വിമർശനവുമായി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. വീട്ടമ്മമാർക്കു പ്രതിമാസം 2,500 രൂപ വീതം നൽകുമെന്നു തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രഖ്യാപിച്ച വിജയ് 1,000 രൂപയെങ്കിലും മുടക്കമില്ലാതെ നൽകാൻ നടപടിയെടുക്കണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു.