Uncategorized

അമേരിക്കയിൽ അദാനിക്ക് ആശ്വാസം; ക്രിമിനൽ, സിവിൽ കേസുകൾ ഒത്തുതീർപ്പാക്കാൻ നീക്കം

Spread the love

 

വാഷിങ്ടൻ ∙ ഗൗതം അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിലേറെയായി അദാനി ഗ്രൂപ്പിനു മേൽ കരിനിഴൽ വീഴ്ത്തിയ ക്രിമിനൽ, സിവിൽ കേസുകളാണ് യുഎസ് ഒത്തുതീർപ്പാക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ക്രിമിനൽ കുറ്റപത്രം പിൻവലിച്ചേക്കുമെന്നാണ് സൂചന. ഇതോടൊപ്പം, 2024 നവംബറിൽ അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഫയൽ ചെയ്ത സിവിൽ വഞ്ചനാക്കേസും ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്.കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് വൻ തുക പിഴയായി നൽകേണ്ടി വന്നേക്കും. കേസുകൾ അവസാനിക്കുന്നത് കൽക്കരി ഖനനം, പുനരുപയോഗ ഊർജം, വിമാനത്താവളങ്ങൾ തുടങ്ങിയ മേഖലകളിൽ വൻ സ്വാധീനമുള്ള അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാകും. കേസുമായി ബന്ധപ്പെട്ട് യുഎസ് അറ്റോർണി ഓഫിസോ അദാനി ഗ്രൂപ്പോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടിയെടുക്കുന്നതിനായി 250 ദശലക്ഷം ഡോളർ (ഏകദേശം 2,100 കോടി രൂപ) ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ അദാനിയും കൂട്ടരും പദ്ധതിയിട്ടു എന്നതായിരുന്നു 2024 നവംബറിൽ ബ്രൂക്ലിൻ യുഎസ് അറ്റോർണി ഓഫിസ് ചുമത്തിയ കുറ്റം. ഈ പദ്ധതി ഒളിച്ചുവച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിച്ചതായും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചിരുന്നു. ഗൗതം അദാനിയോ അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിയോ ഇതുവരെ യുഎസ് കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ലാത്തതിനാൽ ക്രിമിനൽ കേസ് നടപടികൾ മാസങ്ങളായി നിലച്ച മട്ടായിരുന്നു. തങ്ങൾക്കെതിരെ കേസെടുക്കാൻ യുഎസ് റഗുലേറ്റർമാർക്ക് അധികാരമില്ലെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കാണിച്ച് അദാനിയുടെ അഭിഭാഷകർ ഈ വർഷം ആദ്യം കോടതിയെ സമീപിച്ചിരുന്നു.