എലി മുഖക്കാരന്‍ എന്ന് വിളിച്ചവരെക്കൊണ്ട് അഴകിയ തമിഴ്മകനെന്ന് വിളിപ്പിച്ച ‘സിനിമാ വിജയം’; തോല്‍ക്കുമെന്ന് പറഞ്ഞ് ചിരിച്ചവരെക്കൊണ്ട് സിഎം എന്ന് വിളിപ്പിച്ച അരസിയല്‍ ജയം
ട്വിസ്റ്റും സസ്പെന്‍സും നിറഞ്ഞ തമിഴ് തിരൈ പടങ്ങളുടെ തനിയാവര്‍ത്തനമാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ കണ്ടത്. രണ്ട് വര്‍ഷം മുമ്പ് പിറവിയെടുത്തൊരു പാര്‍ട്ടി 50 വര്‍ഷം ഭരിച്ചവരെ തോല്പിച്ച് അധികാരത്തിലേറുന്ന കാഴ്ച. പിന്നില്‍ ഒരൊറ്റ ഫാക്ടര്‍…വിജയ്. സിനിമയിലെ രക്ഷകന് റിയല്‍ അരസിയലിലും ഹീറോയായ കഥ വിസ്മയകരമാണ്. (Vijay brings back MGR magic cinema and political career)
തിരൈപ്പടത്തില്‍ നിന്നും അരസിയലിലേക്ക് തമിഴ് സിനിമ പാലം ഇട്ടു തുടങ്ങിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം തൊട്ടാണ്. എംജിആറും കരുണാനിധിയും ജയലളിതയും സ്റ്റാലിനും തുടങ്ങി തലവന്‍ രജനിക്കും കമലിനും വിശാലിനും വരെ അരസിയാല്‍ ആസൈ വന്നത് പെരും തമിഴ് പോരിന്റെ ചരിത്രങ്ങളിലുണ്ട്. ചില മോഹങ്ങള്‍ പൂവണിഞ്ഞു, മറ്റ് ചിലത് സിനിമ പോലെ വാഷ് ഔട്ടായി. അവര്‍ നടന്ന് പോയ വഴിയെ ഒരു ഇളമുറക്കാരന് വന്നു. ജോസഫ് വിജയ് ചന്ദ്ര ശേഖര്‍.
1992ലാണ് അത് സംഭവിക്കുന്നത്. സംവിധായകനും നിര്‍മാതാവുമൊക്കെ ആയ SA ചന്ദ്ര ശേഖര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. പേര് നാളെയ തീര്‍പ്പ്. നായകന്…മകന് വിജയ്… അച്ചന്റെ അഡ്രസില്‍ നടിക്കാന്‍ വന്ന എണ്ണ കറുപ്പുള്ള നെപ്പോ കിഡിനെ അന്ന് ചില തമിഴ് മീഡിയക്കാര് വിളിച്ചത് എലി മൂഞ്ചി എന്ന്. എന്നിട്ടും തോല്ക്കാതെയും തളരാതെയും ഫങ്ക് തലമുടി പറത്തി…പ്രണയ നോട്ടം എറിഞ്ഞ നായകനെ മെല്ലെ മെല്ലെ കോളിവുഡ് നെഞ്ചേറ്റാന്‍ തുടങ്ങി. അതുവരെ കേട്ട പരിഹാസ ശരങ്ങള്‍ വിജയ് കുറിച്ചിട്ട ബോക്സ് ഓഫീസ് റെക്കോഡുകളില്‍ ഒലിച്ചു പോയി. തുള്ളാത മനമും തുള്ളും, ഷാജഹാന്, കഥകള്‍ക്ക് മര്യാദയി, ഖുഷി, പ്രിയമാനവളെ തുടങ്ങി എണ്ണം പറഞ്ഞ ഹിറ്റുകള്‍ വിജയ് നേടി.കോളിവുഡില്‍ എംജിആറും രജനിയും തുടങ്ങിവച്ച ഏഴൈ തോഴന് ഇമേജും മക്കള്‍ പാസവും പിന്നെ കണ്ടത് വിജയ് ചിത്രങ്ങളില്‍ ആണ്. പ്രണയനായകനില്‍ നിന്നും മാസ് പരിവേഷമുള്ള രക്ഷകനിലേക്കുള്ള വിജയുടെ ട്രാക്ക് ചേഞ്ച്. ഇന്‍ട്രോ സോങ് മുതല്‍ ഡയലോഗില്‍ വരെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റുകള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളുടെ വിലാപങ്ങള്‍, അധികാര ഗര്വില് പൊലിഞ്ഞ് പോയ നിരാലംബരുടെ കണ്ണീരുകള്‍. പ്രതി നായകനോട് വിരല്‍ ചൂണ്ടി പറഞ്ഞ ഓരോ ഡയലോഗും ആരെയൊക്കെയേ കുത്തുന്ന പോലെ.
ഒരു വിരല്‍ പുരട്ചിയുടെ കഥ പറഞ്ഞ സര്‍ക്കാര്‍ വെള്ളിത്തിരയില്‍ അവതരിച്ചപ്പോള്‍ തമിഴകം ഉറപ്പിച്ചു ഈ പോക്ക് പൊളിറ്റിക്സിലേക്കാണ്. അപ്പോഴെല്ലാം തന്റെ സ്വത സിദ്ധമായ ചിരികൊണ്ട് വിജയ് ആ ചോദ്യങ്ങളെ മൂടി. ഇതിനിടെ ഇളയ ദളപതി ആയിരുന്ന വിജയിയെ ദളപതി ആക്കി അവരോധിച്ച് ആരാധകര കൂട്ടവും വിജയ് മക്കള്‍ ഇയക്കവും വരാനിരിക്കുന്ന പെരിയ അരസിയല്‍ പോട്ടിയിലേക്ക് റെഡ് കാര്‍പ്പറ്റ് വിരിച്ചു.
മെഴ്സലിലെ നോട്ട് നിരോധനവും , കോവില്‍ പരാമര്‍ശവും ബിജെപി സംഘ് പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചതും വിജയ് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ കത്രിക വച്ചതും കോടമ്പാക്കം കണ്ടു. അന്ന് ചെയ്തു കൂട്ടിയതിനെല്ലാം ഓര്‍ത്ത് എതിരാളികള്‍ പഴിക്കുന്നുണ്ടാകും. അത്തരം സ്കെച്ചുകള്‍ എല്ലാം വിജയിലെ രാഷ്ട്രീയക്കാരന്റെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുന്നതായിരുന്നു.
ഇടിത്തീ പോലെ ഇഡി, ഐടി റെയ്ഡുകള്‍, സിനിമ റിലീസിന് തടയിട്ട സെന്‍സര്‍ പൂട്ടുകള്‍. പക്ഷേ അയാള്‍ വലുതായി കൊണ്ടേയിരുന്നു. ഓഡിയോ ലോഞ്ചുകളിലെ കുട്ടി സ്റ്റോറിയില്‍ വിജയ് എന്തു പറയുമെന്ന് അറിയാന്‍ നാട് കാത്തിരുന്നു. പറഞ്ഞ ഓരോ വാക്കിലും വരിയിലും നിശബ്ദമായി അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പൊളിറ്റിക്സിലേക്ക് ഞാന്‍ വരികയാണ്. ഐടി റെയ്ഡിനു പിന്നാലെ നടന്ന നെയ്വേലിയിലെ സെല്‍ഫി വരാനിരിക്കുന്ന ഗ്രാന്‍ഡ് പൊളിറ്റിക്കല്‍ എന്‍ട്രിയുടെ ടീസര്‍ ആയിരുന്നിരിക്കണം.
ഒടുവില്‍ മുഴുവന്‍ സിനിമ പ്രേമികളുടെയും ചങ്കിടിപ്പേറ്റിയ അറിയിപ്പെത്തി. ജന നായകന് വിജയ്യുടെ അവസാന ചിത്രം. ഇനി അരസിയലെന്ന തനീവഴി… ശരാശരി ചിത്രങ്ങള്‍ക്ക് പോലും 100 കോടിയില്‍ നിന്നും എണ്ണി തുടങ്ങാന്‍ പ്രാപ്തിയുള്ള നടന്റെ പ്രഖ്യാപനം തമിഴക സിനിമയുടെ കച്ചവട വിപണിയെ പിടിച്ചുലച്ചു. വിജയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്ക്കുമ്പോള് എടുത്ത കഡൈസി മുടിവ്.
നടന്റെ രാഷ്ട്രീയ മോഹത്തെ പണക്കാരന്റെ പതിവ് നേരമ്പോക്കെന്ന് പറഞ്ഞ് പരിഹസിച്ചു. 2026ല്‍ മുതല്‍ അമൈച്ചര്‍ ആകുമെന്ന മോഹങ്ങളെ അതിമോഹമെന്ന് പറഞ്ഞവരില്‍ സഹപ്രവര്‍ത്തകര്‍ വരെയുണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍? തമിഴക അരസിയലും തിരൈപടവും ഒരുപോലെയാണ്. എന്ത് അദ്ഭുതങ്ങളും സാധ്യമാകുന്ന വിസ്മയ ലോകം. 2026ല്‍ സ്റ്റാലിനും മകന് ഉദയ നിധിയും പടുത്തുയര്‍ത്തിയ കോട്ട കോത്തളത്തങ്ങളുടെ കടയ്ക്കല്‍ കത്തിവച്ച് വിജയ് 108 സീറ്റുകളുമായി ജയിച്ചു കയറി. കേവലം 2 വര്‍ഷം മുന്‍പ് പിറവിയെടുത്തൊരു പാര്‍ട്ടി… 50 വര്‍ഷം തമിഴക മണ്ണിനെ ഭരിച്ചവരെ സൈഡാക്കി തമിഴ് മക്കളുടെ ഹൃദയത്തില്‍ സിംഹാസനമിട്ട് ഭരിക്കാന്‍ പോകുന്നു. അതിന്റെ അധ്യക്ഷന്‍ തമിഴ് മക്കളുടെ റിയല്‍ ദളപതി ആകുന്നു. തിരയിലെ രക്ഷകന് രാഷ്ട്രീയത്തിയത്തിലും രക്ഷകനായി അവതരിക്കുന്ന കോ ഇന്സിഡന്സിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ദ്രാവിഡ മണ്ണില്‍ ഇനി അയാളുടെ കാലമാണ്. അധികാര പരിധി തീരും വരെ അയാള്‍ ഭരിക്കും, നയിക്കും. വെള്ളിത്തിരയിലെ രക്ഷകന് തമിഴ് മണ്ണിനെ രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
