Kerala

സമസ്‌ത നേതാക്കളെ അവഹേളിച്ച പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി

Spread the love

അവസാനിക്കാതെ സമസ്ത – മുസ്ലിം ലീഗ് തർക്കം. സമസ്‌ത നേതാക്കളെ അവഹേളിച്ച ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ മജ്ജയും മാംസവുമായ സമസ്തയെ വെല്ലുവിളിക്കുന്നത് ലീഗിനെ പരാജയപ്പെടുത്തുക എന്ന ഹിഡൻ അജണ്ടയോടു കൂടിയാണോ എന്ന് ഭയപ്പെടുന്നുവെന്നും മുന്നേ പുറത്തുപോയ കാലത്തും മുസ്ലിംലീഗ് പിരിച്ചുവിടണം എന്ന് പറഞ്ഞ സലാം ഇന്ന് അകത്ത് വന്ന് ആ ദൗത്യം നിർവഹിക്കുകയാണോ എന്നും ലത്തീഫ് ചോദിച്ചു.

പിഎംഎ സലാമിന് മറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തുവന്നിരുന്നു. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുറന്നടിച്ചത്. കാസർഗോഡ് നീലേശ്വരത്ത് SYS സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിലാണ് ജിഫ്രി തങ്ങളുടെ മറുപടി.

ഇതിൽ ആരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദിത്തപെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപെട്ടവർ കടിഞ്ഞാണിടണമെന്നും അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ ഉള്ളവരെ അതിന് വേണ്ടുന്ന സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണം. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. അപ്പോൾ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങൾ ഉണ്ടായിട്ട്, പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുത്. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ഇപ്പോഴത്തെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആർക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമർശം. പിഎംഎ സലാമിന്റെ പരാമർശം സമസ്ത – ലീഗ് ബന്ധം കൂടുതൽ വഷളാക്കി.

ഇതിന് പിന്നാലെ പിഎംഎ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി തങ്ങളെ നേരിട്ട് വിളിച്ചിരുന്നു. തന്റെ പരാമർശം തെറ്റായി പ്രചരിക്കപ്പെട്ടു എന്നായിരുന്നു പിഎംഎയുടെ വിശദീകരണം. പരസ്യ പ്രതികരണത്തിന് മുതിർന്നില്ലെങ്കിലും ഹമീദലി തങ്ങൾ തൃപ്തനല്ല. വിഷയത്തിൽ പ്രതികരിക്കാൻ മുനവ്വറലി തങ്ങളും തയ്യാറായിട്ടില്ല. സമസ്ത -ലീഗ് തർക്കങ്ങൾക്ക് പരിഹാരമാവാത്തതിന് കാരണക്കാർ സമസ്തയിലെ ലീഗ് വിരുദ്ധരാണ് എന്നാണ് പിഎംഎ സലാമിന്റെ നിലപാട്.