Uncategorized

മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡ് രണ്ട് ദിവസത്തില്‍ തീരുമാനിക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ഉടന്‍ ഉണ്ടാകും; വി ഡി സതീശന്‍

Spread the love

 

നമ്മുടെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഈ തിരഞ്ഞെടുപ്പില്‍, വര്‍ഗീയതയ്ക്ക് മുന്നില്‍ കീഴടങ്ങാത്ത ശക്തമായ മതേതര നിലപാടാണ് കേരളം സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കാലങ്ങളായി സിപിഐഎമ്മിന് വോട്ട് ചെയ്തിരുന്നവരും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യുഡിഎഫിനെ സഹായിച്ചുവെന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. ഇതിന്റെ ഫലമായാണ് സിപിഎമ്മിന്റെ ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലങ്ങള്‍ പോലും ഇത്തവണ തകര്‍ന്നു വീണതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പുറത്തുള്ളവര്‍ പോലും മാറ്റത്തിനായി ആഗ്രഹിച്ചതാണ് ഈ അട്ടിമറി വിജയത്തിന് കരുത്തായത്.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട യുഡിഎഫ് ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്. സീറ്റ് വിഭജനത്തില്‍ ഒരു അപസ്വരം പോലും ഉണ്ടായില്ല. മൂന്ന് സീറ്റ് ഘടക കക്ഷികള്‍ കോണ്‍ഗ്രസിന് അധികം തന്നു. നന്നായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് പോകരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. തീരുമാനം വളരെ പെട്ടന്നുണ്ടാകും – അദ്ദേഹം പറഞ്ഞു.

 

നുണേശന്‍ വിളികളിലും അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്ക് നമ്മളെ അറിയാം. നുണ പറഞ്ഞത് ആരാണെന്ന് അറിയാം. ഒരു ഡസന്‍ നുണകള്‍ ഇടത് കേന്ദ്രം പറഞ്ഞു. വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി. എന്റെ പിആര്‍ മുഴുവന്‍ ഏറ്റെടുത്തത് എകെജി സെന്ററില്‍ നിന്നാണ്. ഒരാളെ ടാര്‍ജറ്റ് ചെയ്യുന്നത് ജനങ്ങള്‍ കാണുന്നുണ്ടല്ലോ. എനിക്ക് സന്തോഷമായിരുന്നു – അദ്ദേഹം പറഞ്ഞു.

 

അധികാരത്തില്‍ എത്തുമ്പോള്‍ തങ്ങള്‍ ഒന്നും മറന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍,

അവര്‍ ഒഴുക്കിയ ചോര, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം. ഇത് ഒന്നും അങ്ങനെ മറക്കാന്‍ കഴിയില്ല. ഒന്നും മറന്നിട്ടില്ല, എല്ലാം നല്ല ഓര്‍മ്മയുണ്ട് – അദ്ദേഹം പറഞ്ഞു.