‘മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നത്; രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല’, പൊലീസിനെതിരെ നിതിൻ രാജിന്റെ കുടുംബം
മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ് രാജൻ ആരോപിച്ചു. ഡോക്ടർ എം കെ റാമിനെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും ഡോക്ടർ സംഗീത നമ്പ്യാർക്ക് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണെന്നും രാജൻ കുറ്റപ്പെടുത്തി.
പ്രതികൾ സാമ്പത്തികവും രാഷ്ട്രീയവും ഉപയോഗിച്ച് ഞങ്ങൾക്കെതിരെ തിരിഞ്ഞ് പൊലീസുമായിട്ട് ഒത്തുകളിക്കുകയാണ്. ഓരോ കേസുകളിലും കേരളാ പൊലീസ് അവരുടെ വിന്യാസങ്ങൾ ഉപയോഗിച്ച് ഓരോ പ്രതികളെയും പിടിക്കുന്നുണ്ട് എന്നാൽ എന്തുകൊണ്ടാണ് തന്റെ മകനെ കൊലപ്പെടുത്തിയ റാമിനെ ഇതുവരെ പിടികൂടാത്തതെന്ന് നിതിൻ രാജിന്റെ അച്ഛൻ ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി ഡിഐജി , കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും നിതിൻ രാജിന്റെ അച്ഛൻ കുറ്റപ്പെടുത്തി.
അതേസമയം, വകുപ്പ് മേധാവി ഡോക്ടർ റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നായിരുന്നു നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം.കേസിലെ മറ്റൊരു പ്രതിയായ സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലെ അതൃപ്തി കുടുംബം വ്യക്തമാക്കിയതിന് പിന്നാലെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ലോൺ ആപ്പ് നടത്തിപ്പുകാർക്കെതിരെയുള്ള കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കും.ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 10നായിരുന്നു നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. സംഭവത്തിൽ ആദ്യം ചക്കരക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. പിന്നാലെ കുടുംബം അധ്യാപകർക്കെതിരെ ആക്ഷേപം ഉന്നയിച്ചതോടെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും ചുമത്തി അധിക വകുപ്പ് കൂടി ചേർത്തിരുന്നു.
