പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. 21156 ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമില്ലെന്നായിരുന്നു ഇവര്‍ വാദിച്ചിരുന്നത്. (Polling officials no longer have the option to vote by post)
വോട്ടുചെയ്യാനുള്ള അവസരത്തിനായി പല തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അതൊക്കെ തള്ളുകയായിരുന്നു എന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചത്. സെക്ഷന്‍ 27 പ്രകാരം വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇത്രയും പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അത് ദൗര്‍ഭാഗ്യകരമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞതും ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക തടസം പറഞ്ഞുകൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളിയിരിക്കുന്നത്.ഇത് റിട്ട് പെറ്റീഷനായി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരിച്ചടിയായോ എന്നും പരിശോധിച്ച് വരികയാണ്. ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ വോട്ട് എണ്ണിക്കഴിഞ്ഞ് ഇലക്ഷന്‍ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച പരമാവധി ആളുകള്‍ക്ക് ബാലറ്റ് നല്‍കിക്കഴിഞ്ഞതാണെന്നും ഇനിയും നല്‍കുക എന്നത് പ്രായോഗികമല്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിരുന്നത്.
