‘കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു, കാർ നമ്പർ എടുക്കാൻ ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോൾ ഫലം മാറി’; വി ശിവൻകുട്ടി
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ എത്തും എന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു. കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഒരു സംശയമുണ്ടായിരുന്നത്. യുഡിഎഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
പലർക്കും ജോത്സ്യനെ കണ്ടിട്ട് വേണമായിരുന്നു കാറിന്റെ നമ്പർ തീരുമാനിക്കാൻ. കാർ നമ്പർ എടുക്കാൻ പലരും ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മാറിയത്. കോൺഗ്രസിൽ ഇപ്പോൾ മൂന്നു മുഖ്യമന്ത്രിമാരുടെ പട്ടികയാണ് ഉള്ളത്. ഇനിയും എണ്ണം കൂടും. മെയ് 4 വരെ അങ്ങനെ പലതും കാണാം. LDF മന്ത്രിമാരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി..
ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
