MP NO.2; സുധാകരന് പിന്നാലെ അടൂർ പ്രകാശും; കോന്നിക്കായി ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം
ന്യൂ ഡൽഹി: കെ സുധാകരന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിനായി സമ്മർദ്ദം ശക്തമാക്കി അടൂർ പ്രകാശ് എംപി. കോന്നിയിൽ സ്ഥാനാർത്ഥിയായി തന്നെയും പരിഗണിക്കണമെന്ന് അടൂർ പ്രകാശ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശും സമ്മർദ്ദം ശക്തമാക്കുന്നത്.
മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ സമ്മർദ്ദ നീക്കം. സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അടൂർ പ്രകാശ് താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തയ്യാറായതിന് പിന്നാലെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതോടെ കോന്നി നിയമസഭ സീറ്റിൽ അടൂർ പ്രകാശ് തന്നെ മത്സരിക്കുമോ എന്ന ആകാംഷ ഉടലെടുത്തിരിക്കുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പാർട്ടി നേതൃത്വമാണ് ആവശ്യപ്പെട്ടതെന്നാണ് എഫ് ബി പോസ്റ്റിലുണ്ടായിരുന്നത്. പാർട്ടിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടത് കടമയാണ്. കോന്നിയിൽ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.അതേസമയം, കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കാൻ ഒരുങ്ങവെ കോൺഗ്രസിനുളളിൽത്തന്നെ തർക്കം ആളിക്കത്തുകയാണ്. സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തി. എളയാവൂര്, കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് വിയോജിപ്പുമായി രംഗത്ത് വന്നത്. ഇന്ന് നടന്ന യോഗത്തില്‍ 10 മണ്ഡലം പ്രസിഡന്റുമാര്‍ സുധാകരന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചു.സുധാകരന് സ്ഥാനാര്‍ത്ഥിയെങ്കില്‍ സുധാകരന്റെ അനുകൂലികള്‍ പോസ്റ്റര്‍ ഒട്ടിക്കട്ടെയെന്നാണ് ഇടഞ്ഞ് നില്ക്കുന്ന നേതാക്കന്മാരുടെ നിലപാട്. പാര്‍ട്ടിയെ അനുസരിക്കാത്ത സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപി നേതാക്കളുമായി സംസാരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടെന്നും ആ സുധാകരനെ എങ്ങനെ വിശ്വസിക്കുമെന്നും ഡിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കണ്ണൂരില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന് പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന് പറഞ്ഞിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന് കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന് ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരന് പാര്‍ട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സുധാകരന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്.
