ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽകി സൗദി
ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.
ഹോർമുസ് കടലിടുക്കിൽ പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തുൾസി ഗബാർഡ്. ഇറാൻ ഒരു ആസന്ന ഭീഷണിയായിരുന്നോ എന്ന ചോദ്യത്തിന് പ്രസിഡൻ്റ് ആണ് അതിന് മറുപടി പറയേണ്ടതെന്നും ഗബാർഡ് പറഞ്ഞു. അതേസമയം ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഖത്തറിലെ പ്രധാന വാതക ഹബ്ബായ റാസ് ലഫാൻ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തു.
സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. അബുദാബിയിലെ എണ്ണകേന്ദ്രങ്ങളിലേക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം നടത്തി. ഹബ്ഷാൻ ഗ്യാസ്, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലേക്കാണ് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്.
അതേസമയം കടുത്ത നടപടിയുമായി ഖത്തർ. ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും മറ്റ് ജീവനക്കാരും 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ കർശന നിർദേശം നൽകി. ഇറാൻ തങ്ങളുടെ തെറ്റായ നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനം മാത്രമല്ല, ഇസ്ലാം മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരുദ്ധവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഈ ആക്രമണങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും, ഇറാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ആക്രമണങ്ങളെ റിയാദിലെ അറബ് ഇസ്ലാമിക മന്ത്രിതല യോഗം ശക്തമായി അപലപിച്ചു. തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന് സൗദി വിദേശകാര്യ മന്ത്രി. ഇറാനുമായുള്ള വിശ്വാസം പൂർണ്ണമായും തകർന്നു. ഗൾഫ് രാജ്യങ്ങളുടെ ശേഷിയെ കുറച്ചുകാണരുത് എന്ന് സൌദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ രാത്രി സൗദിക്ക് നേരെ ഉണ്ടായത് 16 ഡ്രോൺ – 11 മിസൈൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായി.
