Monday, March 9, 2026
Latest:
Uncategorized

‘മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ; വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണം’; കെ റഫീഖ്

Spread the love

 

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന  വാര്‍ത്ത സ്ഥിരീകരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഫീഖ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. (Mammootty’s visit to Wayanad township)

 

 

മമ്മൂട്ടി മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇടപെട്ടത്. അത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി ഇങ്ങനെ ഇടപെട്ടത്. ടൗണ്‍ഷിപ്പില്‍ വരുന്നവരെ അവിടെയുണ്ടെങ്കില്‍ സ്വീകരിക്കുന്നത് രീതിയാണ്. അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മമ്മൂട്ടി നേരില്‍ വിളിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

 

ഇന്നലെയാണ് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടി എത്തിയത്. അതിന് മുന്‍പ് സ്ഥലം സന്ദര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മടങ്ങിപ്പോയതിന് തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. ആളുകൂടിയപ്പോള്‍, നിയന്ത്രിക്കാനായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് മമ്മൂട്ടിക്കൊപ്പം കൂടി. പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനത്തില്‍ രാഷ്ട്രീയനിറം കലര്‍ത്തേണ്ട എന്ന നിലപാടിന്റെ പുറത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിയോജിച്ചും ചര്‍ച്ചയുയര്‍ന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടി, ജില്ലാ സെക്രട്ടറിയോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി.